ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനുമുള്ള കർശന നിയമം യുകെയിൽ നടപ്പിലാക്കും. പുതിയ നിയമപ്രകാരം, ടെക് കമ്പനികൾക്കും ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾക്കും AI സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബാലപീഡന ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ അനുമതി നൽകും. ഇതിലൂടെ ദുരുപയോഗ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി തടയാനുള്ള സംവിധാനമാണ് ലക്ഷ്യം വെയ്ക്കുന്നത് .

Al അടിസ്ഥാനമാക്കിയുള്ള ബാലപീഡന ചിത്രങ്ങൾ (CSAM) സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരട്ടിയായി വർധിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ വ്യക്തമാക്കി. 2024-ൽ 199 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2025-ൽ അത് 426 ആയി ഉയർന്നു. ഏറ്റവും ഗുരുതരമായ വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും എണ്ണം 3,000 കടന്നതായി റിപ്പോർട്ടിൽ പറയുന്നു. 94 ശതമാനം ഇരകളും പെൺകുട്ടികളാണ്. നവജാത ശിശുക്കളുടെ ചിത്രങ്ങളും ആശങ്കാജനകമായി വർധിച്ചു.

“ദുരുപയോഗം തുടങ്ങുന്നതിന് മുമ്പേ അത് തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.” എന്ന് എ ഐയും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച മന്ത്രിയായ കനിഷ്ക നാരായൺ പറഞ്ഞു. പുതിയ നിയമം പ്രകാരം എ ഐ മാതൃകകളെ തന്നെ നിയന്ത്രണ വിധേയമാക്കുകയും, ബാലപീഡന ചിത്രങ്ങൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത മോഡലുകൾ കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുകയും ചെയ്യും . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ മാറ്റം നിർണായകമാകുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾ അഭിപ്രായപ്പെട്ടു.











Leave a Reply