ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം വിനാശകരമായ സ്‌ഫോടനം നടത്തിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
നവംബര്‍ 10-നുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടകളുടെ മുന്‍വശങ്ങള്‍ തകരുകയും, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പഴയ ഡല്‍ഹിയില്‍ പരിഭ്രാന്തി പടരുകയും ചെയ്തു.
സ്‌ഫോടനത്തിന് 11 ദിവസം മുമ്പ് ആക്രമണത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയത് ഡോ. ഉമറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ തങ്ങളുടെ മെഡിക്കല്‍ പദവികള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ക്കാവശ്യമായ രാസവസ്തുക്കളും മറ്റ് സാമഗ്രികളും സംഭരിച്ചിരുന്നു.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോ. ഉമര്‍ ഉന്‍ നബി. തീവ്രവാദ സംഘത്തിലെ പ്രധാനികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാഥര്‍ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ പരിഭ്രാന്തനായ ഉമര്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഫരീദാബാദിലെ ഒരു സംഭരണശാലയില്‍ നിന്ന് 2,900 കിലോയോളം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതിന് പിറ്റേദിവസമായ നവംബര്‍ 9 മുതല്‍ ഉമറിനെ കാണാനില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒക്ടോബര്‍ 30 മുതല്‍ അഞ്ച് ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തും യൂണിവേഴ്‌സിറ്റിയിലെ ചുമതലകളില്‍ നിന്ന് വിട്ടുനിന്നും ഇയാള്‍ ഒളിവില്‍ പോയതായി കരുതുന്നു.











Leave a Reply