ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തിയത്.
2022 മാര്‍ച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര. ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി മൂവര്‍സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം സഹാറന്‍പുരില്‍നിന്ന് അറസ്റ്റിലായ പ്രതിയുടെ സഹോദരനും ഇക്കൂട്ടത്തിലുണ്ടെന്ന് കരുതുന്നു. ഡോ. ഉമറും സംഘവും തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയ 14 പേര് ആരെല്ലാമാണെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
അതേസമയം, 2021 അവസാനംമുതല്‍ ഉമര്‍ നബി വിദേശയാത്രകള്‍ ആരംഭിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. പിന്നീട് ഭീകരമൊഡ്യൂളിലെ മറ്റുള്ളവരുമായി ഇയാള്‍ ബന്ധപ്പെട്ടെന്നും ഇതിനുപിന്നാലെയാണ് മൂവരും ചേര്‍ന്ന് തുര്‍ക്കിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കരുതുന്നു. മറ്റ് തീവ്രവാദക്കേസുകളില്‍നിന്ന് വ്യത്യസ്തമായി ഈ കേസില്‍ പ്രതികള്‍ പാകിസ്താന് സന്ദര്‍ശിച്ചിരുന്നതിന്റെ സൂചനകളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ വ്യാപകമായ അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.











Leave a Reply