ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ 2021 ജനുവരി 6 -ൽ നടത്തിയ പ്രസംഗം പാനോരമ പരിപാടിയിൽ തെറ്റായി ചേർത്തതിനെ തുടർന്ന് ഔദ്യോഗികമായി ക്ഷമാപണം ബി.ബി.സി അറിയിച്ചു. പ്രസംഗത്തിലെ ഭാഗങ്ങൾ തമ്മിൽ ചേർത്തെടുത്തതിനാൽ ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തതായി തെറ്റായ സന്ദേശം ഉണ്ടായതായാണ് ബി.ബി.സി അംഗീകരിച്ചത്. എന്നാല്‍ ട്രംപിന്റെ ഒരു ബില്യൺ ഡോളർ നഷ്ടപരിഹാര ആവശ്യം ബി.ബി.സി നിരസിച്ചു.

ട്രംപിന്റെ അഭിഭാഷകർ ബി.ബി.സി-യ്ക്ക് നൽകിയ കത്തിൽ പൂർണ്ണ പിന്‍വലിപ്പും ക്ഷമാപണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബി.ബി.സി മറുപടിയിൽ, വീഡിയോ ക്ലിപ്പ് നീണ്ട പ്രസംഗം ചുരുക്കുന്നതിനായിരുന്നുവെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കി. ഈ പ്രശ്നം ഉയർന്നതിനെ തുടർന്ന് ഡയറക്ടർ ജനറൽ ടിം ഡേവി, വാർത്താ വിഭാഗം മേധാവി ഡെബോര ടേർണസ് എന്നിവർ രാജിവെച്ചിരുന്നു.

ഇതിനിടെ, 2022-ലെ ന്യൂസ്‌നൈറ്റ് പരിപാടിയിലും സമാനമായ എഡിറ്റിംഗ് പിഴവുണ്ടായതായി പുതിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ട്രംപിന്റെ പ്രസംഗത്തിലെ വ്യത്യസ്ത ഭാഗങ്ങൾ ചേർത്തെടുത്തുവെന്ന് മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മിക്ക് മൾവാനി നേരിട്ട് പരിപാടിയിലിരുന്നു ചൂണ്ടിക്കാട്ടിയിരുന്നു . ഇതോടെ ട്രംപിനെതിരായ നയം ബി.ബി.സി സ്വീകരിച്ചുവെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ്.











Leave a Reply