ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന് ഉത്തരവാദിയായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന ഇടിച്ചു തകർത്തു. പുൽവാമയിലെ അദ്ദേഹത്തിന്റെ വീട് വെള്ളിയാഴ്ച പുലർച്ചെയാണ് തകർത്തത്. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് കർശനമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന് മുമ്പും പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടുകളോടും സമാന നടപടി ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ, ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമറാണ് സ്ഫോടനത്തിൽ ഉപയോഗിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചതെന്ന് സ്ഥിരീകരിച്ചു. സ്ഫോടനസ്ഥലത്ത് കണ്ടെത്തിയതും ഉമറിന്റെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായത്.
ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഈ സംഘം വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തനായ ഉമർ ഡൽഹിയിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് വിലയിരുത്തൽ.











Leave a Reply