ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡൊണാൾഡ് ട്രംപ് സമർപ്പിക്കാനിരിക്കുന്ന അപകീർത്തി കേസിന് തക്ക അടിസ്ഥാനമില്ലെന്നും ശക്തമായി നേരിടാനാണ് തീരുമാനമെന്നും ബിബിസി ചെയർമാൻ സമീർ ഷാ വ്യക്തമാക്കി. ട്രംപിന്റെ 2021 ജനുവരി 6-ലെ പ്രസംഗത്തിലെ ഭാഗങ്ങൾ തെറ്റായി എഡിറ്റ് ചെയ്തതു കൊണ്ടാണ് തനിക്ക് അപകീർത്തി സംഭവിച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് താൻ പ്രോത്സാഹനപരമായ വാക്കുകൾ പറഞ്ഞുവെന്ന തെറ്റിദ്ധാരണയാണ് എഡിറ്റിലുണ്ടായതെന്നാണ് ബിബിസിക്കെതിരെ ഉള്ള ആരോപണം.

മൂന്നാം കക്ഷി നിർമ്മിച്ച ഡോക്യുമെന്ററി തെറ്റായി മുറിച്ചു പകർത്തിയെന്ന് ബിബിസി സമ്മതിച്ചെങ്കിലും, അത് അപകീർത്തിയുടെ പരിധിയിലെന്ന ട്രംപിന്റെ വാദം ശക്തമായി തള്ളി. പ്രസംഗത്തിലെ “fight like hell” എന്ന ഭാഗം തെറ്റായ സ്ഥാനത്ത് ചേർത്തതും, യഥാർത്ഥത്തിൽ ട്രംപ് “cheer on our brave senators…” എന്നാണ് പറഞ്ഞതെന്നും പിന്നീട് പുറത്തു വന്ന ആഭ്യന്തര റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഈ വിവാദ റിപ്പോർട്ട് ഡെയിലി ടെലിഗ്രാഫിന് ചോർന്നു കിട്ടിച്ചതിനെ തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറലും ന്യൂസ് മേധാവിയും രാജിവെച്ചിരുന്നു.

കേസ് അമേരിക്കയിലെ ഫ്ളോറിഡയിൽ ഫയൽ ചെയ്യാനാണ് ട്രംപ് തീരുമാനിച്ചത്, കാരണം ബ്രിട്ടനിൽ ഒരു വർഷത്തെ സമയപരിധി കഴിഞ്ഞിരുന്നു. എന്നാൽ അമേരിക്കയിൽ സ്വതന്ത്ര പ്രസ്താവനാവകാശം ശക്തമായതിനാൽ കേസ് തെളിയിക്കുക കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. ഡോക്യുമെന്ററി യുഎസിൽ സംപ്രേഷണം ചെയ്തിട്ടില്ലെന്നും, ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് അപകീർത്തി സംഭവിച്ചെന്ന വാദവും അംഗീകരിക്കാനാകില്ലെന്നും ബിബിസി കോടതിയിൽ ഉന്നയിക്കുമെന്നാണ് വിലയിരുത്തൽ.











Leave a Reply