ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡേവിഡ് കാരിക്കിനെതിരെ കൂടുതൽ ലൈംഗിക കുറ്റങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 12- വയസുകാരിയായ പെൺകുട്ടിയെ 1980-കളിൽ പീഡിപ്പിച്ചതിനും പിന്നീടുള്ള വർഷങ്ങളിൽ തന്റെ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തതിനുമുള്ള തെളിവുകളാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടായി പുറത്തു വന്നിരിക്കുന്നത് . ഇതിനകം തന്നെ 71 ലൈംഗിക അതിക്രമങ്ങളുടെ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാരി പുതിയതായി ഒമ്പത് കുറ്റങ്ങളിലാണ് വീണ്ടും കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടത്.

പുതിയ വിചാരണയിൽ കാരിക്കിനെതിരെ തെളിവുകൾ ഒന്നും സമർപ്പിച്ചില്ല. കുട്ടിക്കെതിരായ അതിക്രമം അദ്ദേഹം മുമ്പ് ഒരു കത്തിൽ സമ്മതിച്ചിരുന്നെങ്കിലും കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങളും ഭീഷണികളും മുൻ പങ്കാളിയുടെ മൊഴിയിൽ ഇയാൾക്ക് എതിരായുണ്ട് . ഇരകളുടെ ശക്തമായ മൊഴികളാണ് കേസിന്റെ നിർണ്ണായക ഘടകമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം അഞ്ച് മണിക്കൂർ ആലോചനയ്ക്കുശേഷം ആണ് ജൂറി ഏകകണ്ഠമായി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത് . കേസിന്റെ ഗുരുത്വവും ഇരകളുടെ ദീർഘകാല വേദനയും പരിഗണിച്ച് ശക്തമായ ശിക്ഷ ഇയാൾക്ക് നൽകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് . പുതിയ കുറ്റങ്ങൾക്ക് ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പൊലീസ് കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ബ്രിട്ടീഷ് പൊലീസ് സംവിധാനത്തിലെ വിശ്വാസ്യതയെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നതാണ് പൊതുവായ വിലയിരുത്തൽ.











Leave a Reply