ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം ഇന്നും കടുത്ത ശൈത്യകാലാവസ്ഥ തുടരുകയാണ്. സ്കോട്ട് ലൻഡ്, വെയിൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി മഞ്ഞും ഐസും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ മെറ്റ് ഓഫീസ് വിവിധ പ്രദേശങ്ങൾക്ക് യെല്ലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ, നോർത്ത് യോർക്ക് മൂർസ്, യോർക്ക്ഷയർ വോൾഡ്സ് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ 15–25 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ആംബർ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട് . ചില ഭാഗങ്ങളിൽ താപനില -5°C വരെ താഴുമെന്നാണ് പ്രവചനം.

വടക്കുകിഴക്കൻ സ്കോട്ട് ലൻഡിലെയും ഹൈലാന്റ്സിലെയും പലയിടങ്ങളിലും സ്കൂളുകൾ അടച്ചിടേണ്ടിവന്നു. ഡർബിഷെയറിലെ വുഡ്ഹെഡ് പാസ്, വെയിൽസിലെ മുഖ്യപാതകൾ എന്നിവയുൾപ്പെടെ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന ഇടങ്ങളിൽ ‘തണ്ടർസ്നോ’ പോലുള്ള അപൂർവമായ കാലാവസ്ഥാ പ്രതിഭാസവും ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മഴ, മഞ്ഞുവീഴ്ച എന്നിവ കാരണം വഴികളിൽ രൂപപ്പെടുന്ന ഐസ് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ വെല്ലുവിളിയാകും.

തണുത്ത കാലാവസ്ഥയെ തുടർന്ന് വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യു കെ എച്ച് എസ് എ ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സമൂഹപരിചരണ വിഭാഗങ്ങൾക്ക് അധിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ താപനില തീർച്ചയായും ഉയർന്ന് ശനിയാഴ്ചയോടെ സാധാരണ നിലയിലേക്കെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.











Leave a Reply