ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ ഐ.ടി. മേഖലയിലെ മുൻനിര കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ബ്രിട്ടനിലെ പൊതുജനാരോഗ്യ ശൃംഖലയായ എൻഎച്ച്എസ് സപ്ലൈ ചെയിനിനൊപ്പം അഞ്ചുവർഷത്തെ സർവീസ് കരാറിൽ എത്തി. ആരോഗ്യ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളെ പുതുക്കിപ്പണിയുകയും, ക്ലൗഡ്, എ.ഐ. ഉൾപ്പെടുന്ന ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ മാറ്റം ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗതയോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ സഹായിക്കുമെന്ന് കരാറിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

എൻഎച്ച്എസ് സപ്ലൈ ചെയിനിന്റെ വൈദ്യസാധനങ്ങളുടെ വാങ്ങൽ, സംഭരണം, വിതരണം എന്നിവ കൈകാര്യം ചെയ്യുന്ന നിലവിലെ സിസ്റ്റങ്ങൾ കാലഹരണ പെട്ടതിനാൽ കൂടുതൽ സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. റിയൽ-ടൈം ഡാറ്റ ഉപയോഗിച്ച് ആവശ്യമായ സാധനങ്ങൾ ശരിയായ സമയത്ത് ആശുപത്രികളിൽ എത്തിക്കുന്നതും, പിശകുകൾ കുറയ്ക്കുന്നതും, വിതരണ ശൃംഖലയെ കാര്യക്ഷമമാക്കുന്നതുമാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യം. ഇതിലൂടെ രോഗികളിലേക്ക് നേരിട്ട് എത്തിച്ചേരുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയരുമെന്നതാണ് എൻ എച്ച് എസ് അധികൃതരുടെ പ്രതീക്ഷ.

ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ഇന്ത്യൻ കമ്പനിയെന്ന നിലയിൽ ടി.സി.എസ് എടുത്തിട്ടുള്ള ഈ കരാർ കമ്പനിക്ക് വൻ നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . ആരോഗ്യ രംഗത്തെ ഡിജിറ്റൽ മാറ്റത്തിൽ ഇന്ത്യയുടെ സാങ്കേതിക മികവ് ശക്തമായി പ്രത്യക്ഷപ്പെടുന്ന ഉദാഹരണമാണിതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ബ്രിട്ടന്റെ ആരോഗ്യ സേവന രംഗത്തെ നീണ്ടുനിൽക്കുന്ന വെല്ലുവിളികൾ മാറ്റാൻ ഈ സംരംഭം സഹായിക്കുമെന്നാണ് വ്യാപകമായ വിലയിരുത്തൽ.











Leave a Reply