ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന് സർക്കാർ അടുത്ത വർഷം ഏപ്രിലില്‍ മാസം മുതൽ 21 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.71 പൗണ്ട് ($16.67) ആയി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുവരെ ജൂലൈയിൽ ഉണ്ടായ 6.7 ശതമാനം വർധനവിന് പിന്തുടര്ന്നുള്ള നടപടിയാണിത്. പുതിയ നടപടിയിൽ 2.4 മില്യൺ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ 21 വയസ്സിന് താഴെയുള്ളവർക്ക് 6%–8.5%വർധനവും പ്രഖ്യാപിച്ചിട്ടുണ്ട് . പണപ്പെരുപ്പവും ജീവിത ചിലവുകളും ഉയർന്ന സാഹചര്യത്തിലാണ് കുറഞ്ഞ ശമ്പളക്കാരുടെ ജീവിക്കാൻ കഴിയുന്ന വേതനം ഉറപ്പാക്കുന്നതിനായി സർക്കാർ വേതന വർദ്ധനവ് പ്രഖ്യാപിച്ചത്.

ജോലി ചെയ്യുന്നവർക്ക് അവരുടെ പരിശ്രമത്തിന് യഥാർഥ മൂല്യം നൽകുന്ന നടപടി ആണ് ഇതെന്നാണ് പുതിയ തീരുമാനത്തെ ചാൻസിലർ റേച്ചൽ റീവ്സ് വിശേഷിപ്പിച്ചത് . കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളുടെ ജീവിത ചെലവുകൾ ഉയരുന്നതോടെ അവരുടെ സാമ്പത്തിക സുരക്ഷയ്ക്കും കുടുംബങ്ങളുടെ ഭാവി ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാൽ ബ്രിട്ടന്റെ ഹോസ്പിറ്റാലിറ്റി വ്യവസായം പുതിയ ശമ്പള വർധന വില വർധനയ്ക്ക് കാരണമാകും എന്ന് മുന്നറിയിപ്പ് നല്കി.

ബ്രിട്ടനിലെ കുറഞ്ഞ ശമ്പള നിരക്ക് യൂറോപ്പിൽ ശരാശരി വേതനത്തിന്റെ അനുപാതത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. 2019 മുതൽ കണക്കാക്കുമ്പോൾ വേതന വർദ്ധനവ് 60 ശതമാനത്തിൽ കൂടുതൽ ആണെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2027 വരെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും, കോവിഡ് -19 കഴിഞ്ഞ് ഉയർന്ന ശമ്പള വർധനയും കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും ലക്ഷ്യം കൈവരിയ്ക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഈ ശമ്പള വർധന ഉപകരപ്രദമാകും . പലരും പാർട്ട്ടൈം ജോലികൾ ചെയ്താണ് തങ്ങളുടെ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത്.











Leave a Reply