ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ ബജറ്റിൽ 26 ബില്യൺ പൗണ്ടിന്റെ നികുതി വർധന പ്രഖ്യാപിച്ചു. വരുമാന നികുതിയും നാഷണൽ ഇൻഷുറൻസ് നിരക്കും തുടങ്ങുന്ന വരുമാനപരിധി 2031 വരെ തുടരുമെന്ന തീരുമാനം സാധാരണ ജനങ്ങൾക്ക് കൂടുതൽ നികുതി ബാധ്യത വരുത്തി വെക്കും. 2 മില്ല്യൺ പൗണ്ടിനു മുകളിൽ വിലയുള്ള വീടുകൾക്ക് അധിക വാർഷിക നികുതി, ഇലക്ട്രിക് വാഹനങ്ങൾക്ക് മൈലേജിന് നികുതി, ഓൺലൈൻ ബെട്ടിംഗിന് ഉയർന്ന ഡ്യൂട്ടി എന്നിവയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ എല്ലാവരും കുറച്ച് അധികം സംഭാവന ചെയ്യേണ്ടി വരുമെന്ന് ചാൻസലർ റെച്ചൽ റീവ്സ് വ്യക്തമാക്കി

വൻ വിമർശനങ്ങൾക്ക് ഇടയാക്കിയ ടു ചൈൽഡ് ബെനെഫിറ്റ് ലിമിറ്റ് അടുത്ത ഏപ്രിൽ മുതൽ ഒഴിവാക്കുമെന്ന് റീവ്സ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ 4.5 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. വൈദ്യുതി ബില്ലിൽ ചേർത്തിരുന്ന ഗ്രീൻ ലെവി ഒഴിവാക്കിയതോടെ കുടുംബങ്ങൾക്ക് വർഷത്തിൽ ഏകദേശം £150 വരെ കുറവ് ലഭിക്കും. മരുന്ന് ചാർജുകളും ചില റെയിൽ നിരക്കുകളും താത്കാലികമായി കുറച്ചതും സാധാരണ ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

എന്നാൽ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പ്രതിപക്ഷം കഠിന വിമർശനവുമായി രംഗത്തെത്തി. ഉയർന്ന നികുതിയും നിയന്ത്രണം വിട്ട ചെലവുമാണ് ഈ ബജറ്റിൽ എന്ന് കൺസർവേറ്റീവ് നേതാവ് കെമി ബഡിനൊച് പ്രതികരിച്ചു. കഴിഞ്ഞ വർഷവും വൻ നികുതി കൂട്ടിയിട്ടും വീണ്ടും വർധന വരുത്തിയതിൽ അവർ റീവ്സിനെ കുറ്റപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യു.കെ പാർട്ടിയും സാധാരണ തൊഴിലാളികളാണ് ഈ ബഡ്ജറ്റ് കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ചൂണ്ടിക്കാട്ടി. സ്കോ ട്ടിഷ് നാഷണൽ പാർട്ടി സ്കോട്ട് ലാൻഡിനെ ബഡ്ജറ്റിൽ അവഗണിച്ചതായുള്ള വിമർശനം ഉന്നയിച്ചിട്ടുണ്ട് .











Leave a Reply