ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ചൈന സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ‘മെഗാ എംബസി’ പദ്ധതിക്ക് സുരക്ഷാ പ്രതിസന്ധികളുണ്ടെന്ന വിമർശനങ്ങൾക്കിടയിലും ഇത് യുകെയ്ക്ക് നേട്ടങ്ങൾ നേടിക്കൊടുക്കാമെന്ന നിലപാട് നമ്പർ 10 സ്വീകരിച്ചിരുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലണ്ടനിൽ ഏഴ് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ചൈനയുടെ ഓഫീസ് സമുച്ചയങ്ങളെ ഒന്നടങ്കം ഒരിടത്തേക്ക് കൊണ്ടുവരുന്നത് സുരക്ഷാസംബന്ധമായ നിരീക്ഷണം എളുപ്പമാക്കുമെന്നതാണ് സർക്കാരിന്റെ വാദം. മൂന്നു തവണ മാറ്റിവെച്ച എംബസിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഇനി പുതുവർഷത്തിലെ ഉണ്ടാകുകയുള്ളൂ.

ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും ദേശീയസുരക്ഷാ ആശങ്കകൾ പരിഹരിച്ചുവെന്ന് ഉറപ്പു നൽകിയതോടെയാണ് അംഗീകാര സാധ്യത കൂട്ടുന്നത്. അംഗീകാരം ലഭിച്ചാൽ, യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസിയാകും ഇത്; 200 ജീവനക്കാർക്കുള്ള സൗകര്യങ്ങൾ, വൻ ഓഫീസ് മേഖല, ബേസ്‌മെന്റ് എന്നിവയോടെയായിരിക്കും നിർമ്മാണം. റോയൽ മിന്റ് കോർട്ടിലെ ഈ സ്ഥലം ലണ്ടന്റെ അത്യന്തം ഗൗരവമുള്ള ഡേറ്റാ കൈമാറ്റത്തിനുള്ള ഫൈബർ-ഓപ്റ്റിക് ലൈനുകൾക്ക് സമീപമാണെന്നതിനാലും ആശങ്കകൾ ഉയർന്നിരുന്നു. ബ്ലൂപ്രിന്റ്സിലെ ചില ഭാഗങ്ങൾ “സുരക്ഷാ കാരണങ്ങളാൽ” മാറ്റിയതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

ചൈനീസ് എംബസിയെ കുറിച്ച് ലേബർ സർക്കാർ തുറന്ന നിലപാട് സ്വീകരിച്ചുവെന്ന് പ്രതികരിച്ച പ്രതിപക്ഷം, ദേശീയസുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതായി ആരോപിക്കുന്നു. ചൈനീസ് സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും, സുരക്ഷാ ഏജൻസികൾക്കുപോലും സ്വകാര്യമായി അവരുടെ ആശങ്കകൾ അറിയിക്കാൻ അവസരം നൽകിയില്ലെന്നും കൺസർവേറ്റീവ് നേതാക്കൾ ആരോപിച്ചു. അതേസമയം, പരസ്പര ഗുണകരമായ സഹകരണം വളർത്താനായി തയ്യാറാക്കിയ പദ്ധതിയാണിതെന്ന നിലപാട് ചൈനീസ് എംബസി ആവർത്തിച്ചു.











Leave a Reply