ന്യൂസ് ഡെസ്ക്, മലയാളം യുകെ

13 മുതല്‍ 17 വയസ് വരെയുള്ള 11,000 കൗമാരക്കാരെ ഉൾപ്പെടുത്തി ഇംഗ്ലണ്ടിലും വെയിൽസിലും നടത്തിയ സർവേയിൽ പ്രണയബന്ധത്തിലായിരുന്നവരിൽ നാല് പേരിൽ രണ്ടുപേർ മാനസികമോ ശാരീരികമോ ആയ പീഡനം അനുഭവിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ബന്ധത്തിലായിരുന്ന കൗമാരക്കാരിൽ 39 ശതമാനം പേരും നിയന്ത്രണം, സമ്മർദ്ദം, ഭീഷണി എന്നിവ നേരിട്ടതായാണ് പഠന റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. യൂത്ത് എൻഡോവ്‌മെന്റ് ഫണ്ടാണ് പഠനത്തിന് നേതൃത്വം നൽകിയത്. മൊബൈൽ, സോഷ്യൽ മീഡിയ പരിശോധിക്കൽ, ലൊക്കേഷൻ നിരീക്ഷിക്കൽ, ശരീരത്തെ പറ്റിയുള്ള വിമർശനം, ലൈംഗിക സമ്മർദ്ദം, എതിർപ്പ് പ്രകടിപ്പിക്കാന്‍ ഭയം എന്നിവ ആണ് പ്രധാനമായ പീഡനത്തിന്റെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പീഡനം നേരിട്ടവരിൽ മൂന്നിൽ രണ്ടുപേർക്കും ഈ അനുഭവങ്ങൾ അവരുടെ ദൈനംദിനജീവിതത്തെ ബാധിച്ചെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ആശങ്ക, ആത്മവിശ്വാസക്കുറവ്, ഉറക്കമില്ലായ്മ, ഭക്ഷണ രുചിയില്ലായ്മ, പഠനത്തിൽ ശ്രദ്ധയില്ലായ്മ എന്നിവ പ്രധാനമായിരുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം ദുർബലമായതായും, 22 ശതമാനം പേർ സ്കൂളിലേക്കോ കോളേജിലേക്കോ പോകുന്നത് ഒഴിവാക്കിയതായും കണ്ടെത്തി. പെൺകുട്ടികൾക്ക് സമ്മർദ്ദം, ഭയം, ബന്ധം വിടാനാകാത്ത അവസ്ഥ തുടങ്ങിയവ കൂടുതലായി നേരിടേണ്ടി വന്നപ്പോൾ കുട്ടികളിൽ പലർക്കും അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ച സംഭവങ്ങൾ കൂടുതലായിരുന്നു.

സർവേ ഫലങ്ങൾ പൊതുവെ ഈ രംഗത്തെ ബോധവത്കരണത്തിന്റെ ആവശ്യകതയെ വീണ്ടും ഉയർത്തിക്കാട്ടുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൗമാരക്കാർക്ക് ആരോഗ്യകരമായ ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന് സ്കൂളുകൾ ആവശ്യമായ പരിശീലനവും പിന്തുണയും നൽകണം എന്നാണ് പഠനം നടത്തിയവർ അഭിപ്രായപെട്ടത് . വീട്ടിൽ മാതാപിതാക്കൾ പോലും കുട്ടികൾ ഇത്തരം അനുഭവങ്ങൾ നേരിടുന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള സംഭാഷണം സജീവമാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.