ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ 13–15 വയസുകാരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി മെറ്റ ആരംഭിച്ചു. . ഡിസംബർ 4 മുതൽ അക്കൗണ്ട് നിർത്തിവെക്കും എന്ന മുന്നറിയിപ്പിന്റെ പിന്നാലെയാണ് നടപടി. പുതിയ നടപടി ഏകദേശം 3.5 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെയും 1.5 ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളെയും ബാധിക്കാനിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 മില്ല്യൺ ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനാകും. നിയമം പാലിക്കുമെന്നും, എന്നാൽ കൂടുതൽ കാര്യക്ഷമവും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന പ്രായപരിശോധന സംവിധാനം സർക്കാരിന്റെ തലത്തിൽ തന്നെ നടപ്പാക്കണമെന്നുമാണ് മെറ്റയുടെ നിലപാട്. തെറ്റായി പ്രായം വിലയിരുത്തപ്പെട്ടതായി കരുതുന്നവർ വീഡിയോ സെൽഫിയോ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പുതുക്കി പരിശോധനയ്ക്കായി അപേക്ഷിക്കാം.

യൂട്യൂബ്, ടിക്ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്ഫോമുകളും നിരോധനത്തിന്റെ പരിധിയിലാകും. 10–15 വയസ്സുകാരിൽ 96 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നും ഇവരിൽ വലിയൊരു വിഭാഗം ഹാനികരമായ ഉള്ളടക്കവും സൈബർ ബുള്ളിയിങ്ങും ഗ്രൂമിംഗ് ശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും സർക്കാർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവി തലമുറയെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയ പൂർണ്ണ നിരോധനത്തിന്റെ വഴിയിലേക്ക് കടക്കുന്നത്.











Leave a Reply