ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്‌ഹാമിലെ ക്വിന്റണിൽ നിന്നുള്ള ഡോ. നാഥനിയൽ സ്പെൻസർ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം ചുമത്തി . 2017 മുതൽ 2021 വരെ സ്റ്റോക്ക്-ഓൺ-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയിൽ ഉണ്ടായിരുന്ന 38 പേരെ ഇയാൾ പീഡിപ്പിച്ചെന്നാണ് സ്റ്റാഫർഡ്ഷയർ പൊലീസ് കണ്ടെത്തിയത് . ഇതിൽ 13 വയസ്സിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉൾപ്പെടുന്നുണ്ട് .

റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസൽസ് ഹാൾ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികൾക്കെതിരായ ശാരീരിക അതിക്രമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോർത്ത് സ്റ്റാഫർഡ്ഷയർ ജസ്റ്റിസ് സെന്ററിൽ ഹാജരാകണം. അന്വേഷണം തുടരുന്നതിനാൽ സ്പെൻസറെ മെഡിക്കൽ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസൽസ് ഹാൾ ആശുപത്രിയിലെ രോഗികൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ തയ്യാറാക്കിയതായി ഡഡ്‌ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ഈ വാർത്ത രോഗികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. പോൾ ഹഡ്‌സൺ പറഞ്ഞു. അന്വേഷണത്തിൽ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം വിശദീകരിച്ചു.











Leave a Reply