ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർച്ച്‌ബിഷപ്പ് ഓഫ് കാന്തർബറിയായി ചുമതലയേൽക്കാനിരിക്കുന്ന ഡെയിം സാറ മുള്ളാലിക്കെതിരെ വന്ന പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട്. ലണ്ടൻ ബിഷപ്പായിരിക്കെ ഒരു പുരോഹിതനെതിരായ പീഡനപരാതി കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നാണ് ആരോപണം. 2020-ൽ ലാംബത്ത് പാലസിൽ സമർപ്പിച്ച പരാതിയാണ് ഇപ്പോൾ വീണ്ടും പരിഗണനയ്‌ക്ക് വന്നിരിക്കുന്നത്. അന്ന് “അഡ്മിനിസ്ട്രേറ്റീവ് പിഴവുകൾ” കാരണം നടപടി തുടരാനായിട്ടില്ലെന്നും പരാതിക്കാരന്റെ നിലപാട് തെറ്റിദ്ധരിച്ചതായിരുന്നെന്നും ചർച്ച് അധികൃതർ വ്യക്തമാക്കി.

ബിഷപ്പ് കേസ് കൈകാര്യം ചെയ്ത രീതി തന്റെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിച്ചതായി പരാതിക്കാരി പറഞ്ഞു. പ്രീമിയർ ക്രിസ്ത്യൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യ പരാതി നൽകിയപ്പോൾ ബിഷപ്പ് സാറ പുരോഹിതനുമായി നേരിട്ട് ബന്ധപ്പെടുകയുണ്ടായി. ജസ്റ്റിൻ വെൽബി രാജിവെച്ചതിനെ തുടർന്ന്, ഈ വർഷം ഒക്ടോബറിൽ ഡെയിം സാറയെ ആദ്യ വനിതാ കാന്തർബറി ആർച്ച്‌ബിഷപ്പായി തെരഞ്ഞെടുത്തിരുന്നു. കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയിരുന്ന ജോൺ സ്മൈത്തിൽ ബന്ധപ്പെട്ട കേസിൽ ഇതിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും റിപ്പോർട്ട് ചെയ്യാഞ്ഞതിനെ തുടർന്ന് വെൽബിക്കെതിരെ കനത്ത വിമർശനമുയർന്നിരുന്നു. ഒരു വർഷത്തിലേറെയായി സ്ഥാനത്തില്ലാത്ത ആർച്ച്‌ബിഷപ്പിന്റെ ചുമതല ഇടക്കാലമായി യോർക്ക് ആർച്ച്‌ബിഷപ്പ് സ്റ്റീഫൻ കോട്ട്രെല്ലാണ് വഹിച്ചുവരുന്നത്.

എന്തിരുന്നാലും സംഭവത്തിൻെറ ഗൗരവം തിരിച്ചറിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇപ്പോൾ ഔദ്യോഗിക പരിശോധന ആരംഭിച്ചിരിക്കുകയാണ്. പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ചർച്ച് നേരത്തെയും വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിൽ ഡെയിം സാറ മുള്ളാലിക്കെതിരെ പൊങ്ങി വന്നിരിക്കുന്ന പുതിയ പരാതി വെല്ലുവിളിയായി മാറുകയാണ്.











Leave a Reply