ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 2029-ഓടെ എല്ലാ പോലീസ് സേനകളിലും ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക സ്പെഷ്യലിസ്റ്റ് ടീമുകൾ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഒരു ദശകത്തിനുള്ളിൽ പകുതിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ഈ തന്ത്രം ഈ വർഷം മൂന്നു തവണ മാറ്റിവച്ച ശേഷമാണ് പുറത്തുവരുന്നത്. ഓൺലൈനിൽ രഹസ്യമായി പ്രവർത്തിക്കുന്ന അണ്ടർകവർ പോലീസ് യൂണിറ്റുകൾക്ക് ധനസഹായം, ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകളുടെ (ഡൊമസ്റ്റിക് അബ്യൂസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് ) വ്യാപകമായ നടപ്പാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ്, “പീഡകരെ തടഞ്ഞുനിർത്താനും, അവരെ എവിടെയും മറഞ്ഞിരിക്കാനാവാത്ത വിധം നിയമം ശക്തമായി നടപ്പാക്കാനും ഈ നടപടികൾ സഹായിക്കും” എന്ന് പറഞ്ഞു.

പുതിയ അന്വേഷണ ടീമുകളിൽ ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ടാകും. നിലവിൽ 50 ശതമാനത്തിലധികം പോലീസ് സേനകളിൽ ഇത്തരം ടീമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, 2029-ഓടെ എല്ലാ സേനകളിലും ഇത് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇരകളുടെയും പീഡകരുടെയും മനോഭാവം മനസ്സിലാക്കി അന്വേഷണം നടത്താനുള്ള പരിശീലനവും സേനയ്ക്ക് നൽകും.
കഴിഞ്ഞ ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകൾ ഇനി ഇംഗ്ലണ്ടും വെയിൽസും മുഴുവൻ നടപ്പാക്കും. ഇരകളെ ബന്ധപ്പെടുന്നതിൽ നിന്നും വീടുകളിൽ എത്തുന്നതിൽ നിന്നും ഓൺലൈനിൽ ഹാനികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പീഡകരെ വിലക്കാൻ ഈ ഉത്തരവുകൾ ഉപയോഗിക്കാം. നിയന്ത്രണപരവും നിർബന്ധിതവുമായ പെരുമാറ്റ കേസുകളിലും ഇത് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാകും.

ഓൺലൈനിൽ സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രത്യേക അണ്ടർകവർ യൂണിറ്റുകൾക്കായി ഏകദേശം £2 മില്യൺ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, ഈ മാസം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ, ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നാലിലൊന്ന് പോലീസ് സേനകൾക്ക് പോലും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള അടിസ്ഥാന നയങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് വിമർശിച്ചിരുന്നു.
ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ വാഗ്ദാനം ചെയ്തതുപോലെ, കുറ്റകൃത്യങ്ങളുടെ മൂലകാരണങ്ങളെ നേരിടാനും പീഡകരെ കർശനമായി നിയന്ത്രിക്കാനുമാണ് പുതിയ തന്ത്രം ലക്ഷ്യമിടുന്നത്. യുവാക്കളിൽ, പ്രത്യേകിച്ച് ബാലകരിൽ, മനോഭാവ മാറ്റം സൃഷ്ടിക്കൽ, പീഡകരെ തടയൽ, ഇരകൾക്ക് ശക്തമായ പിന്തുണ നൽകൽ എന്നീ മൂന്ന് ലക്ഷ്യങ്ങളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്.











Leave a Reply