ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന കത്തോലിക്കാ സഭയുടെ പുതിയ നേതൃത്വ സ്ഥാനത്ത് ആർച്ച്‌ബിഷപ്പ് റിച്ചാർഡ് മൊത്ത് നിയമിതനായി. വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ച നിയമന പ്രകാരം, വെസ്റ്റ്‌മിൻസ്റ്റർ ആർച്ച്‌ബിഷപ്പായാണ് അദ്ദേഹത്തിന്റെ ചുമതല. ഇതോടെ ഈ പ്രദേശത്തെ കത്തോലിക്കാ സഭയുടെ ആത്മീയവും ഭരണപരവുമായ പ്രധാന ഉത്തരവാദിത്വങ്ങൾ റിച്ചാർഡ് മൊത്തിന്റെ കൈകളിലേക്കെത്തും. ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് പുതിയ നിയമന വിവരം ഔദ്യോഗികമായി അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009 മുതൽ വെസ്റ്റ്‌മിൻസ്റ്റർ ആർച്ച്‌ബിഷപ്പായി സേവനം അനുഷ്ഠിച്ചിരുന്ന കാർഡിനാൾ വിൻസെന്റ് നിക്കോൾസ് 80 വയസ് പൂർത്തിയായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞതാണ് നേതൃത്വ മാറ്റത്തിന് വഴിവെച്ചത്. കഴിഞ്ഞ പത്ത് വർഷമായി അരുണ്ടൽ–ബ്രൈറ്റൺ രൂപതയുടെ ബിഷപ്പായിരുന്ന റിച്ചർഡ് മൊത്ത്, അതിന് മുമ്പ് ബ്രിട്ടീഷ് സായുധ സേനകളുടെ ബിഷപ്പായും സേവനം അനുഷ്ഠിച്ചിരുന്നു. സഭാ ഭരണത്തിലും സാമൂഹിക വിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പരിചയം സഭയെ പുതിയ തലത്തിൽ എത്തിക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെസ്റ്റ്‌മിൻസ്റ്റർ ആർച്ച്‌ബിഷപ്പായി ചുമതലയേറ്റെടുക്കുന്നതോടെ, ഇംഗ്ലണ്ട്–വെയിൽസ് ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റായും റിച്ചർഡ് മൊത്ത് പ്രവർത്തിക്കും. ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഏകദേശം അറുപത് ലക്ഷം കത്തോലിക്കാ വിശ്വാസികൾക്ക് അദ്ദേഹം ആത്മീയ നേതൃത്വം നൽകും. വിശ്വാസികളുടെ സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിലും സഭയുടെ ശബ്ദം പൊതുജീവിതത്തിൽ കൂടുതൽ സജീവമാക്കുന്നതിലും പുതിയ ആർച്ച്‌ബിഷപ്പിന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടാകുമെന്നാണ് പ്രതീക്ഷ.