ന്യൂസ് ഡെസ്ക്, മലയാളം യുകെ
എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം ഹൃദ് രോഗത്തെയും സ്ട്രോക്കിനെയും വളർത്തിപ്പോറ്റുമെന്ന മുന്നറിയിപ്പാണ് മെഡിക്കൽ വിദഗ്ധർ നൽകുന്നത്. കഫെയ്ൻ, അമിത പഞ്ചസാര, രാസഘടകങ്ങൾ എന്നിവ ചേർന്ന ഈ പാനീയങ്ങൾ ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആണ് പതിവായി ഉപയോഗിക്കുന്നത് അതിന്റെ ആരോഗ്യഭീഷണി സംബന്ധിച്ച ബോധവൽക്കരണം വളരെ കുറവാണെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. നോട്ടിംഗ്ഹാമിൽ 50 വയസ്സുള്ള, ആരോഗ്യവാനായ ഒരു പുരുഷന് സ്ട്രോക്ക് സംഭവിച്ചതാണ് ആശങ്ക കൂടുതൽ ശക്തമാക്കിയത്.

ദിവസവും എട്ട് എനർജി ഡ്രിങ്കുകൾ കുടിച്ചിരുന്ന ആളുടെ രക്തസമ്മർദ്ദം ആശുപത്രിയിൽ എത്തിയപ്പോൾ അത്യന്തം അപകടനിലയിലെത്തിയിരുന്നു. ചികിത്സയിലൂടെ സമ്മർദ്ദം കുറച്ചെങ്കിലും, വീട്ടിലെത്തിയപ്പോൾ അത് വീണ്ടും ഉയർന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനയിൽ, ശുപാർശ ചെയ്തിരിക്കുന്ന പരമാവധിയായ 400 മില്ലി ഗ്രാമിന്റെ മൂന്നിരട്ടിയിലധികം കഫെയ്ൻ അദ്ദേഹം ദിനംപ്രതി സ്വീകരിച്ചിരുന്നതായി തിരിച്ചറിഞ്ഞു. എനർജി ഡ്രിങ്കുകൾ പൂർണ്ണമായി നിർത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലാവുകയും മരുന്നുകളുടെ ആവശ്യം പോലും ഇല്ലാതാകുകയും ചെയ്തു.

എന്നാൽ രോഗിക്ക് പൂർണ്ണമായ സുഖം ലഭിച്ചില്ല. സ്ട്രോക്കിനൊടുവിൽ ശരീരത്തിന്റെ ഇടത് ഭാഗത്ത് കൈയിലും കാലിലും അനുഭവപ്പെട്ട മങ്ങൽ എട്ടുവർഷങ്ങൾക്കിപ്പിറവും തുടരുകയാണ് . എനർജി ഡ്രിങ്ക് ഉപഭോഗം നിയന്ത്രിക്കാൻ കർശന നടപടികളെടുക്കേണ്ടതുണ്ടെന്നും പരസ്യങ്ങൾ നിയന്ത്രിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. യുവാക്കളിൽ സ്ട്രോക്ക്, അസാധാരണമായ രക്തസമ്മർദ്ദം മുതലായ പ്രശ്നങ്ങളുമായി എത്തുന്ന സാഹചര്യത്തിൽ ഡോക്ടർമാർ പ്രത്യേകമായി എനർജി ഡ്രിങ്ക് ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.











Leave a Reply