ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ജയിലുകളിൽ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശ ജയിൽ ഉദ്യോഗസ്ഥർക്കുള്ള വിസ നിയമങ്ങളിൽ യുകെ സർക്കാർ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. സ്കിൽഡ് വർക്കർ വിസയ്ക്ക് ജൂലൈയിൽ ശമ്പള പരിധി 41,700 പൗണ്ടായി ഉയർത്തിയതിനെ തുടർന്ന്, നിലവിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥർക്ക് വിസ പുതുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് സർക്കാർ തീരുമാനത്തിലേക്ക് നയിച്ചത്. നൈജീരിയ, ഘാന തുടങ്ങിയ പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ ആശ്രയിക്കുന്ന ജയിലുകൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്രിസൺസ് ചാർലി ടെയ്‌ലർ മുന്നറിയിപ്പ് നൽകിയിരുന്നു.

ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. പുതിയ നിയമം നടപ്പാക്കിയാൽ ജയിലുകളുടെ പ്രവർത്തനവും സുരക്ഷയും തകർന്നു പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന വിദേശ ജയിൽ ഉദ്യോഗസ്ഥർക്ക് 2026 അവസാനം വരെ ഉയർന്ന ശമ്പള പരിധിയിൽ നിന്ന് ഒഴിവ് അനുവദിക്കും. തുടർന്ന് 2027 ഡിസംബർ 31 വരെ 33,400 പൗണ്ട് എന്ന കുറഞ്ഞ ശമ്പള പരിധിയിൽ വിസ പുതുക്കാനും അനുമതി നൽകും.

കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യം തുടരുന്നുണ്ടെങ്കിലും, പൊതുസുരക്ഷയാണ് സർക്കാരിന്റെ ആദ്യ കടമ എന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ജയിലുകളുടെ ശേഷിക്കുറവും സുരക്ഷാ വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്കിൽഡ് വർക്കർ വിസയുടെ ശമ്പള പരിധി 41,700 പൗണ്ടായി തുടരണമെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ശുപാർശ ചെയ്തു. പരിധി ഉയർത്തുന്നത് മൂലം ആയിരക്കണക്കിന് ആളുകൾ തൊഴിൽവിപണിയിൽ നിന്ന് പുറത്താകുകയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നൂറുകണക്കിന് മില്യൺ പൗണ്ടുകളുടെ നഷ്ടമുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.











Leave a Reply