നിതിൻ ജോർജ് പെനാർത്ത്
ബാരി: ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്നിരുന്ന ആർട്സ് & ഡാൻസ് സെന്റർ വെയിൽ ഓഫ് ഗ്‌ളാമോർഗൻ എം പിയും യുകെ സയൻസ് & ടെക്നോളജി മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഇന്നലെ ഡിസംബർ 20 ന് ഉത്‌ഘാടനം ചെയ്തു. ബാരിയിലെ മലയാളികൾ നാളുകളോളം കാത്തിരുന്ന ഒരു ആർട്സ് സെന്റർ ഇവിടെ തുറക്കുകയായി.

കുട്ടികളുടെ വ്യക്തി വികസന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക, വിവിധ തരം ഇന്ത്യൻ ഡാൻസുകൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുക, മൊബൈൽ അടിമത്ത്വത്തിൽ നിന്നും കുറച്ചു മണിക്കൂറുകൾ എങ്കിലും മാറി നിൽക്കുവാൻ സഹായിക്കുന്ന വിവിധ തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, സംഗീത ക്ലാസുകൾ, മലയാളം ക്ലാസുകൾ, തുടങ്ങി പലതരം പരിപാടികളാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ബാരിയിലെ മലയാളികളുടെ പ്രിയങ്കരനായ കനിഷ്ക എല്ലാവരോടും ക്ഷേമാന്വേഷണങ്ങൾ നടത്തി.

യുകെ മന്ത്രി ആയിരിക്കെ തിരക്കേറിയ ജോലിത്തിരക്കിനിടയിലും ബാരിയിൽ ഓടിയെത്തിയ മന്ത്രിയെ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി പ്രവീൺ കുമാർ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. തുടർന്ന് ശ്രീ കനിഷ്ക നാരായൺ ആർട്ട് & ഡാൻസ് സെന്റർ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു, എല്ലാവിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്തു. തുടർന്ന് യുക്മ ദേശീയ കമ്മറ്റി അംഗം കൗൺസിലർ ബെന്നി അഗസ്റ്റിൻ, യുക്മ വെയിൽസ് റീജിയൻ വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, റീജിയണൽ ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, റീജിയണൽ കമ്മറ്റി അംഗങ്ങളായ മാമ്മൻ ഫിലിപ്പ്, ബെർലി മാളിയേക്കൽ, അസോസിയേഷൻ എക്സിക്യൂട്ടീവ് നിതിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന കുട്ടികൾ നൃത്തചുവടുകൾ കളിച്ചുകൊണ്ട് മന്ത്രിയുടെ സാന്നിത്യം കൂടുതൽ ശോഭനമാക്കി.












Leave a Reply