ഡോ. കുറിയാക്കോസ് മോർ ഒസ്താത്തിയോസ്
( അപ്പസ്തോലിക് വിസിറ്റേറ്റർ ഫോർ യൂറോപ്പ് , സീറോ മലങ്കര കാത്തോലിക് ചർച്ച് )
“മനുഷ്യരെ ദൈവമക്കളാക്കി തീർക്കുന്നതിനായി ദൈവപുത്രൻ മനുഷ്യപുത്രനായി അവതരിച്ചു.”
— അലക്സാണ്ട്രിയായിലെ വിശുദ്ധ അത്തനാസിയോസ്
ലോകം മുഴുവൻ അനിശ്ചിതത്വങ്ങളുടെയും വെല്ലുവിളികളുടെയും കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് നാം വീണ്ടും ക്രിസ്തുമസിനെ വരവേൽക്കുകയും പുതുവത്സരത്തിലേക്ക് കടക്കുകയും ചെയ്യുന്നത്. ആശങ്കകളും സംഘർഷങ്ങളും മനുഷ്യബന്ധങ്ങളിലെ അകലം കൂട്ടുന്ന ഈ ലോകത്തിൽ, ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തലായ ക്രിസ്തുവിന്റെ ജനനം നമ്മെ പ്രത്യാശയിലേക്കും സമാധാനത്തിലേക്കും ക്ഷണിക്കുന്നു.
ക്രിസ്തുമസ് ഒരു ആചാരമോ ആഘോഷപരിധികളിലൊതുങ്ങുന്ന അനുഭവമോ മാത്രമല്ല. മനുഷ്യനെ മനുഷ്യനായി ചേർത്തുപിടിക്കുന്ന ദൈവിക ഇടപെടലിന്റെ സാക്ഷാത്കാരമാണ് അത്. ഇരുളിൽ കഴിയുന്നവർക്കായി വെളിച്ചമായി പെയ്തിറങ്ങിയ ദൈവസ്നേഹമാണ് ക്രിസ്തുവിന്റെ ജനനം. “ഭയപ്പെടേണ്ട” എന്ന ദൈവവചനമാണ് ക്രിസ്തുമസ് ലോകത്തോട് വീണ്ടും പ്രഖ്യാപിക്കുന്നത്. ഏതു പ്രതിസന്ധികളിലും ദൈവത്തിന്റെ കരുണയും കൃപയും മനുഷ്യനെ കൈവിടുന്നില്ല എന്നതാണ് ഈ തിരുനാളിന്റെ ആന്തരസന്ദേശം.
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലുകളും നൊമ്പരങ്ങളും അനുഭവിക്കുന്ന അനേകരാണ് യൂറോപ്പിലുടനീളം ജീവിക്കുന്നത്. കുടുംബങ്ങളിൽ നിന്നുള്ള അകലം, സാമൂഹിക മാറ്റങ്ങൾ, സാമ്പത്തികവും മാനസികവുമായ സമ്മർദ്ദങ്ങൾ ഇവയ്ക്കൊക്കെയിടയിൽ ക്രിസ്തുമസ് നമ്മെ ഓർമിപ്പിക്കുന്നത് കരുതലിന്റെയും പങ്കിടലിന്റെയും മൂല്യങ്ങളാണ്. ക്രിസ്തുമസ് ‘നേടലിന്റെ’ ആഘോഷമല്ല, മറിച്ച് ‘നൽകലിന്റെ’ ആഘോഷമാണ്. ദുർബലരോടും പുറം തള്ളപ്പെട്ടവരോടും സഹാനുഭൂതി കാണിക്കുകയും, പരസ്പരം കൈത്താങ്ങാകുകയും ചെയ്യുന്നതിലൂടെയാണ് ക്രിസ്തുമസ് യഥാർത്ഥ്യമാകുന്നത്.
പുതുവത്സരം ഒരു പുതുക്കലിന്റെ വിളിയാണ്. വൈരങ്ങളും വേർപാടുകളും മറികടന്ന്, മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴികൾ തുറക്കുവാൻ നമുക്ക് സാധിക്കട്ടെ. ആന്തരികസത്യത്തിലും നീതിയിലും കരുണയിലും ഉറച്ച മനുഷ്യരായി വളരുവാൻ ഈ പുതുവത്സരം നമ്മെ പ്രചോദിപ്പിക്കട്ടെ.
ദൈവം മനുഷ്യനായി നമ്മോടൊപ്പം വസിച്ചുവെന്ന സത്യം നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഈ ലോകത്തോടുമുള്ള ബന്ധങ്ങളിലും ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കുമ്പോഴാണ് ക്രിസ്തുമസിന്റെ പ്രഭ ഒരിക്കലും മങ്ങാത്തതാകുന്നത്.
യുകെയിലെ മലയാളി സമൂഹത്തെ പ്രത്യേകമായി ഓർക്കുമ്പോൾ, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മറ്റുള്ളവരുടെയും സമർപ്പിത സേവനം നന്ദിയോടെ സ്മരിക്കുന്നു. രോഗവേദനയിൽ കഴിയുന്ന അനേകരുടെ ജീവന്‍ കാക്കുവാൻ, സ്വന്തം കുടുംബങ്ങളിൽ നിന്ന് അകലെയിരുന്നും, ക്ഷീണവും മാനസിക സമ്മർദ്ദവും അതിജീവിച്ചും അവർ നടത്തുന്ന സേവനം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ സാക്ഷ്യമാണ്. രോഗശുശ്രൂഷ എന്നത് ഒരു ജോലി മാത്രമല്ല, അത് ദൈവിക ദൗത്യവുമാണെന്ന ബോധ്യത്തോടെ അവർ പ്രവർത്തിക്കുന്നത് ക്രിസ്തുമസ് സന്ദേശത്തിന്റെ ജീവിക്കുന്ന രൂപമാണ്. വേദന അനുഭവിക്കുന്നവരോട് കരുണ കാണിക്കുകയും, പ്രത്യാശ നഷ്ടപ്പെട്ടവരിൽ വിശ്വാസത്തിന്റെ വെളിച്ചം തെളിയിക്കുകയും ചെയ്യുന്ന ഈ മാലാഖമാർ ക്രിസ്തുവിന്റെ കരുണയുടെ കൈവഴികളായി മാറുകയാണ്. അവരുടെ അർപ്പണബോധവും ത്യാഗവും ഈ ക്രിസ്തുമസ് കാലത്ത് നമ്മെല്ലാവരെയും കൂടുതൽ മനുഷ്യസ്നേഹത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും എത്തിക്കാൻ ഉതകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
എല്ലാവർക്കും സന്തോഷകരമായ ക്രിസ്തുമസും സമാധാനവും പ്രത്യാശയും നിറഞ്ഞ അനുഗ്രഹപൂർണ്ണമായ പുതുവത്സരവും ഹൃദയപൂർവ്വം ആശംസിക്കുന്നു.











Leave a Reply