ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്ഗോ: ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ (QEUH) ഉണ്ടായ ഗുരുതര പിഴവിനെ തുടർന്ന്, ഒരു കുടുംബം തങ്ങളുടെ ബന്ധുവെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്‌കരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്‌കോട്ട്ലൻഡിലെ ഏറ്റവും വലിയ ആശുപത്രിയാണ് ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. മോർച്ചറിയിൽ മൃതദേഹങ്ങൾ തെറ്റായി ലേബൽ ചെയ്തതാണ് സംഭവത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി ഭരണകൂടം ഔദ്യോഗികമായി മാപ്പ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോർച്ചറി ജീവനക്കാർ തെറ്റായ ലേബൽ പതിച്ച മൃതദേഹം അണ്ടർടേക്കർമാർക്ക് കൈമാറിയതോടെയാണ് പിഴവ് ഉണ്ടായത്. ഫ്യൂണറൽ സർവീസ് പൂർത്തിയായി, മൃതദേഹം ദഹിപ്പിച്ച ശേഷമാണ് ഗുരുതരമായ ഈ പിഴവ് അധികൃതർ തിരിച്ചറിഞ്ഞത്. ഇതോടെ പരേതൻ്റെ കുടുംബം കടുത്ത മാനസിക വേദനയിലായി.

എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്ഗോ ആൻഡ് ക്ലൈഡ് അധികൃതർ സംഭവത്തിന് മനുഷ്യപിഴവാണ് കാരണമെന്ന് വ്യക്തമാക്കി. സംഭവത്തിൽ പങ്കുണ്ടായിരുന്ന ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ഇത്തരമൊരു സംഭവം വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടികൾ ശക്തമാക്കുമെന്ന് ആശുപത്രി ഭരണകൂടം ഉറപ്പുനൽകി.