ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് അന്യായമായി പിരിച്ചുവിട്ട ഡോക്ടർക്ക് തൊഴിൽ ട്രൈബ്യൂണൽ 85,000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡർഹാം ആൻഡ് ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ (CDDFT) ജോലി ചെയ്തിരുന്ന ഡോ. ഫൈസൽ ഖുറേഷിയ്ക്കാണ് അനുകൂല വിധി ലഭിച്ചത്. 2021 ജനുവരിയിൽ ന്യൂകാസിലിൽ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ‘ബാങ്ക് ഷിഫ്റ്റ്’ സംവിധാനത്തിലൂടെ സ്ഥിരമായി ജോലി ചെയ്തുവരികയായിരുന്നു.

താൻ സ്ഥിരമായി ഷിഫ്റ്റുകളിൽ ജോലി ചെയ്തതിനാൽ ജീവനക്കാരനായി കണക്കാക്കണമെന്നും, അതനുസരിച്ചുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെന്നും ഡോ. ഖുറേഷി ആവശ്യപ്പെട്ടതാണ് നീണ്ട നിയമ നടപടികൾക്ക് വഴി വെച്ചത്. എന്നാൽ പരാതിയുയർത്തിയതിനെ തുടർന്ന്, ഇനി ഷിഫ്റ്റുകൾ നൽകില്ലെന്നും ബാങ്ക് ഷിഫ്റ്റുകൾ മാത്രമേ ലഭിക്കൂ എന്നും ട്രസ്റ്റ് അറിയിച്ചതായി അദ്ദേഹം വാദിച്ചു. ഇതാണ് അന്യായമായ പിരിച്ചുവിടലിലേയ്ക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലിൽ ചൂണ്ടിക്കാട്ടി.

ആദ്യം കേസ് എതിർത്തിരുന്ന ട്രസ്റ്റ് പിന്നീട് ഡോ. ഖുറേഷി ജീവനക്കാരനാണെന്ന് അംഗീകരിക്കുകയും ട്രൈബ്യൂണൽ വിധി സ്വീകരിക്കുന്നതായി അറിയിക്കുകയും ചെയ്തു. ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിന്റെ ദുരുപയോഗം രാജ്യത്തുടനീളം ഡോക്ടർമാരുടെ തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നതാണ് ഈ കേസിലൂടെ വ്യക്തമാകുന്നതെന്ന് ഖുറേഷി പ്രതികരിച്ചു. ട്രൈബ്യൂണൽ കണ്ടെത്തലുകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും സി ഡി ഡി എഫ് റ്റി വക്താവ് അറിയിച്ചു.











Leave a Reply