ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാർഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. വേഗോവി, മൗൺജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകൾക്ക് വലിയ ഡിമാൻഡുണ്ടെങ്കിലും എൻഎച്ച്എസിൽ ലഭ്യത കുറവായതും ഉയർന്ന വിലയും കാരണം അനധികൃത മാർഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകൾ തേടി പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് എംഎച്ച്ആർഎ (MHRA) അറിയിച്ചു. ഈ മരുന്നുകൾ യുകെയിൽ രജിസ്റ്റർ ചെയ്ത ഫാർമസികളിലൂടെയോ നിയമാനുസൃത റീറ്റെയ്ലർമാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിർബന്ധമായും കൂടിയാലോചിക്കണമെന്നും ഏജൻസി നിർദേശിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ നോർത്ത്ഹാംപ്റ്റണിലെ ഒരു ഫാക്ടറിയിൽ നിന്നായി 2.5 ലക്ഷം പൗണ്ടിലധികം വിലമതിക്കുന്ന അനധികൃത വെയിറ്റ് ലോസ് ജാബുകൾ എംഎച്ച്ആർഎ പിടിച്ചെടുത്തു. യുകെയിൽ ലൈസൻസ് ലഭിക്കാത്ത റെറ്റാട്രൂട്ടൈഡ് എന്ന പരീക്ഷണ മരുന്നിന്റെ കള്ള ഇഞ്ചക്ഷൻ പെൻസുകളും ഇതിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇതുമായി ബന്ധപ്പെട്ട കമ്പനികൾ ടെലിഗ്രാം ചാനലുകൾ വഴി ഇത്തരത്തിലുള്ള കള്ള ഉൽപ്പന്നങ്ങൾ പരസ്യം ചെയ്തിരുന്നതായും കണ്ടെത്തി. ബാങ്കുകൾ നൽകിയ മുന്നറിയിപ്പ് പ്രകാരം, വെയിറ്റ് ലോസ് മരുന്നുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ആളുകൾക്ക് ശരാശരി 120 പൗണ്ട് നഷ്ടമാകുന്നുണ്ട്.

സൗന്ദര്യ സലൂണുകൾ, വ്യാജ ഫാർമസി വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ വഴി ഡോക്ടർറെസിപ്പി ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് എംഎച്ച്ആർഎ വീണ്ടും ഓർമ്മിപ്പിച്ചു. വളരെ കുറഞ്ഞ വിലയും അത്ഭുത ഫലങ്ങളും വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണങ്ങളാണെന്നും ഏജൻസി വ്യക്തമാക്കി. അനധികൃതമായി വാങ്ങുന്ന മരുന്നുകൾ കള്ളമാകാം, അളവ് തെറ്റിയതാകാം, അപകടകരമായ ഘടകങ്ങൾ അടങ്ങിയതാകാമെന്നും ആരോഗ്യ മന്ത്രി ഡോ. സുബിർ അഹമ്മദ് പറഞ്ഞു. രോഗിയുടെ സുരക്ഷയാണ് പ്രധാനം. രജിസ്റ്റർ ചെയ്ത ഫാർമസികളിൽ നിന്ന്, സാധുവായ റെസിപ്പിയോടെ മാത്രമേ ഇത്തരം ഒബീസിറ്റി മരുന്നുകൾ വാങ്ങാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.











Leave a Reply