ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 മുതൽ യുകെയിൽ വാഹന ഉപയോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന നികുതി പരിഷ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു . പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം സർക്കാർ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . ഇതിന്റെ ഭാഗമായി വാഹന നികുതി (VED), ഇന്ധന നികുതി, കമ്പനി കാറുകൾക്ക് ബാധകമായ ബെനിഫിറ്റ്-ഇൻ-കൈൻഡ് (BiK) നികുതി എന്നിവ വർധിക്കും . ഏപ്രിൽ 1, 2026 മുതൽ കാറുകൾക്കും വാനുകൾക്കും മോട്ടോർസൈക്കിളുകൾക്കും ബാധകമായ എല്ലാ വി ഇ ഡി നിരക്കുകളും റീട്ടെയിൽ പ്രൈസ് ഇൻഡക്സ് (RPI) അനുസരിച്ച്, ഏകദേശം 4.6 ശതമാനം വരെ വർധിക്കും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാം ഇതിന്റെ പരിധിയിൽ വരും. ഇതോടെ പല ഡ്രൈവർമാർക്കും വർഷംതോറും £10 മുതൽ £40 വരെ അധിക നികുതി നൽകേണ്ടിവരും.

ഇന്ധന നികുതിയിലും വർധനവ് ഉണ്ടാവും . 2022 മാർച്ചുമുതൽ നിലവിലുണ്ടായിരുന്ന ലിറ്ററിന് 5 പെൻസ് കുറവ് ഘട്ടംഘട്ടമായി പിൻവലിക്കാനാണ് സർക്കാർ തീരുമാനം. 2026 സെപ്റ്റംബറിൽ 1 പെൻസും , ഡിസംബറിൽ 2 പെൻസും, 2027 മാർച്ചിൽ 2 പെൻസും വർധിപ്പിക്കുന്നതോടെ ഇന്ധന നികുതി ലിറ്ററിന് 57.95 പെൻസി ലെത്തും. അതേസമയം, കമ്പനി കാറുകൾക്ക് ബാധകമായ ബിനിഫിറ്റ്-ഇൻ-കൈൻഡ് നികുതി 2026–27 സാമ്പത്തിക വർഷത്തിൽ എല്ലാ വാഹനങ്ങൾക്കും ഉയരും. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇത് നിലവിലെ 3 ശതമാനത്തിൽ നിന്ന് 2026 ഏപ്രിൽ 6 മുതൽ 4 ശതമാനമാകും. ലണ്ടൻ കോൺജെഷൻ ചാർജും ഉയരുകയാണ്. ദിവസവേതനമായി നൽകുന്ന ചാർജ് £15ൽ നിന്ന് £18ലേക്ക് വർധിപ്പിക്കും. 2025 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന ഒഴിവാക്കലും അവസാനിച്ചതോടെ ഭൂരിഭാഗം ഇ വി ഉടമകൾക്കും ഇനി ഈ ചാർജ് അടയ്ക്കേണ്ടിവരും. വാഹന ഉടമകൾ ഓട്ടോ പേയിൽ രജിസ്റ്റർ ചെയ്താൽ 25 ശതമാനം ഇളവ് ലഭിക്കും എന്ന അനൂകൂല്യമുണ്ട് .

അതേസമയം, ചില ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങളും ഉണ്ട്. ‘ലക്സറി കാർ നികുതി’ എന്നറിയപ്പെടുന്ന എക്സ്പെൻസീവ് കാർ സപ്ലിമെന്റിന്റെ (ECS) പരിധി സീറോ-എമിഷൻ വാഹനങ്ങൾക്ക് £40,000ൽ നിന്ന് £50,000 ആയി 2026 ഏപ്രിൽ 1 മുതൽ ഉയർത്തും. ഇതോടെ £40,001 മുതൽ £50,000 വരെ വിലയുള്ള നിരവധി ജനപ്രിയ ഇ വി മോഡലുകൾക്ക് വർഷം £425 അധിക നികുതി നൽകേണ്ടതില്ല. എന്നാൽ പെട്രോൾ-ഡീസൽ കാറുകൾക്ക് ഈ പരിധി £40,000 ആയി തുടരുകയും ചെയ്യും . കൂടാതെ, ഭിന്നശേഷിക്കാർക്ക് വാഹനം ലീസ് ചെയ്യാൻ സഹായിക്കുന്ന മൊട്ടാബിലിറ്റി സ്കീമിലും മാറ്റങ്ങൾ വരും. 2026 ജൂലൈ മുതൽ പുതിയ ലീസ് കരാറുകളിൽ അഡ്വാൻസ് പേയ്മെന്റിന് വാറ്റും ഇൻഷുറൻസ് പ്രീമിയം ടാക്സും ഈടാക്കും. ഇതോടെ മൂന്ന് വർഷത്തെ പാക്കേജിൽ ശരാശരി £400 വരെ അധിക ചെലവ് ഉയരാൻ സാധ്യതയുണ്ട്. ലക്സറി ബ്രാൻഡുകളും ഇനി ഈ സ്കീമിൽ നിന്ന് ഒഴിവാക്കപ്പെടും.











Leave a Reply