ഗോപേശ്വർ: ഉത്തരാഖണ്ഡിലെ വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ പിപൽകോടി തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 60 പേർക്ക് പരിക്കേറ്റു. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ച ലോക്കോ ട്രെയിൻ നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി ചൊവ്വാഴ്ച രാത്രി കൂട്ടിയിടിക്കുകയായിരുന്നു.
ട്രെയിനിൽ ഉണ്ടായിരുന്ന 109 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടർ ഗൗരവ് കുമാർ അറിയിച്ചു. പരിക്കേറ്റവരിൽ 42 പേരെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ചമേലി എസ്പി സുർജീത് സിങ് പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികളെയും സാമഗ്രികളെയും തുരങ്കങ്ങളിലൂടെ കൊണ്ടുപോകാൻ ലോക്കോ ട്രെയിനുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ടിഎച്ച്ഡിസി നടപ്പാക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.











Leave a Reply