ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാനൽ ടണലിൽ ഉണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് യൂറോസ്റ്റാർ സർവീസുകൾ താളംതെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് പുതുവത്സരത്തോട് ചേർന്ന് ദുരിതത്തിലായത്. ചൊവ്വാഴ്ച ഓവർ ഹെഡ് പവർ സപ്ലൈ തകരാറും ഒരു ഷട്ടിൽ ട്രെയിൻ ബ്രേക്ക് ഡൗൺ ആയതുമാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ചില യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി; ലണ്ടൻ–പാരിസ് സർവീസിൽ കയറിയ യാത്രക്കാർ പുലർച്ചെ 2.30 വരെയും ടണൽ പ്രവേശനത്തിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഒരു ടണൽ പാത മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമെന്ന് യൂറോസ്റ്റാർ അറിയിച്ചു. ചില സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ട്രെയിനുകൾ വൈകുന്നത് തുടരുകയാണ്. കുറഞ്ഞത് പന്ത്രണ്ടോളം സർവീസുകൾ റദ്ദാക്കിയതായും യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനോ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര റദ്ദായതിനാൽ നിരവധി പേർ വിമാനയാത്രയിലേക്കോ ഫെറിയിലേക്കോ മാറാൻ ശ്രമിക്കുകയാണ്. അമേരിക്കൻ ടൂറിസ്റ്റുകൾ ഉൾപ്പെടെ പലർക്കും അധിക ഹോട്ടൽ ചെലവും യാത്രാചെലവും വഹിക്കേണ്ടിവന്നു.

ഫ്രാൻസിലെ കാലെയ്സിലും ഫോൾക്‌സ്റ്റോണിലെ ലഷട്ടിൽ ടെർമിനലിലും കാറുകളും കോച്ചുകളും നീണ്ടനിരയിൽ കുടുങ്ങി. ചില കുടുംബങ്ങൾ മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തിരിക്കേണ്ടിവന്നതായും ഭക്ഷണവും മറ്റ് സൗകര്യങ്ങളും തീർന്നതായും പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ രാത്രിയിലുടനീളം അറ്റകുറ്റപ്പണി തുടരുകയാണെന്നും സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുമെന്നും ഗെറ്റ്ലിങ്ക് അറിയിച്ചു. എന്നിരുന്നാലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകി.











Leave a Reply