ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സിന്റെ എയർബസ് എ380 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചിറങ്ങി. പുതുവത്സര തലേന്നായ ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് 2.32 ന് പുറപ്പെട്ട വിമാനത്തിൽ 500 ഓളം യാത്രക്കാരുണ്ടായിരുന്നു. കെന്റിലെ മെയ്ഡ്സ്റ്റോണിന് മുകളിൽ എത്തിയപ്പോൾ ലാൻഡിംഗ് ഗിയർ സിസ്റ്റത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു.

വിമാനത്തിൽ ഇന്ധനം കൂടുതലായതിനാൽ സുരക്ഷിത ലാൻഡിംഗിനായി ഏകദേശം രണ്ട് മണിക്കൂർ 10,000 അടി ഉയരത്തിൽ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കത്തിച്ച ശേഷമാണ് തിരിച്ചിറക്കിയത്. വൈകുന്നേരം 4.28 ഓടെ ഹീത്രൂവിൽ അടിയന്തിര സംവിധാനങ്ങളുടെ സാന്നിധ്യത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ പിന്നീട് മറ്റ് വിമാനങ്ങളിലായി ദുബായിലേക്ക് അയച്ചതായി എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സാങ്കേതിക തകരാറുമൂലം ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എമിറേറ്റ്സ് വക്താവ് പ്രതികരിച്ചു.











Leave a Reply