ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ആദ്യമായി എല്ലാ കുട്ടികൾക്കും ചിക്കൻപോക്സിനെതിരായ സംരക്ഷണം എൻഎച്ച്എസിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ജനുവരി 1 മുതൽ എംഎംആർ വാക്സിനോടൊപ്പം ചിക്കൻപോക്സ് (വരിസെല്ല) ഉൾപ്പെടുത്തിയ എംഎംആർവി വാക്സിൻ 12 മാസവും 18 മാസവും പ്രായത്തിൽ നൽകി തുടങ്ങി . ഇതുവരെ £200 വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്സിൻ ഇനി സൗജന്യമായാണ് ലഭ്യമാകുന്നത് . ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു; സ്കോട്ട് ലൻഡിലും ജനുവരി തുടക്കത്തിൽ മരുന്ന് നൽകാൻ തുടങ്ങും.

ചിക്കൻപോക്സ് സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നുവെങ്കിലും ചിലരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി, ശരീരവേദന, കഠിനമായ ചൊറിച്ചിലോടുകൂടിയ പാടുകൾ എന്നിവയ്ക്കൊപ്പം അപൂർവമായി മസ്തിഷ്കവീക്കം, ശ്വാസകോശ അണുബാധ, സ്ട്രോക്ക് വരെ സംഭവിക്കാം. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും അപകടസാധ്യത കൂടുതലാണ്. രണ്ട് ഡോസ് എടുത്താൽ ഏകദേശം 97 ശതമാനം ഫലപ്രാപ്തിയുള്ള ഈ വാക്സിൻ യുഎസ്, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങളായി സുരക്ഷിതമായി ഉപയോഗിച്ചു വരുന്നതാണ്.

2026 ജനുവരി 1ന് ശേഷം ജനിക്കുന്ന കുട്ടികൾക്ക് രണ്ട് ഡോസ് എംഎംആർവി വാക്സിൻ സ്വമേധയാ നൽകും. വിവിധ ജനന തീയതികൾ പ്രകാരം 6 വയസുവരെയുള്ള നേരത്തെ മരുന്ന് ലഭിക്കാത്ത കുട്ടികൾക്കും വാക്സിൻ നൽകും. 2025 അവസാനം ആറു വയസ് പൂർത്തിയായവർക്ക് സാധാരണയായി ഇതിനകം രോഗം വന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാക്സിൻ നൽകില്ല. ഓരോ വർഷവും ചിക്കൻപോക്സിനെ തുടർന്ന് കുടുംബങ്ങൾക്കും എൻഎച്ച്എസിനും ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം ഈ പദ്ധതി കുറയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഇത് ഒരു നിർണായക മുന്നേറ്റമാണെന്നും രക്ഷിതാക്കൾ വാക്സിൻ നൽകാൻ മുൻകൈ എടുക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.











Leave a Reply