ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ വർഷം ചെറു ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025ൽ മാത്രം 41,472 പേരാണ് ഈ അപകടകരമായ യാത്ര നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. 2022ലെ റെക്കോർഡ് ആയ 45,774ന് ശേഷം രണ്ടാമത്തെ ഉയർന്ന കണക്കാണിത്. 2024നെ അപേക്ഷിച്ച് 13 ശതമാനം വർധനയുണ്ടായെങ്കിലും, കഴിഞ്ഞ രണ്ടു മാസങ്ങളിൽ കടന്നു വരുന്നവരുടെ എണ്ണം കുറവായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്ഥിതി ലജ്ജാകരമാണെന്നാണ് ഹോം ഓഫീസ് പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത് .

അധികാരത്തിലെത്തുമ്പോൾ മനുഷ്യക്കടത്ത് സംഘങ്ങളെ പൂർണമായി തകർക്കും എന്ന വാഗ്ദാനവുമായി രംഗത്തെത്തിയ പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഫ്രാൻസുമായി ‘വൺ-ഇൻ, വൺ-ഔട്ട്’ തിരിച്ചയക്കൽ കരാർ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അനധികൃതമായി എത്തിയവരെ തിരിച്ചയക്കുകയും, കഴിഞ്ഞ വർഷം ഏകദേശം 50,000 പേരെ രാജ്യത്ത് നിന്ന് നീക്കിയതായും സർക്കാർ അവകാശപ്പെട്ടു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളാണ് നടപ്പാക്കുന്നതെന്നും, പുതിയ ബോർഡർ സെക്യൂരിറ്റി, അസൈലം ആൻഡ് ഇമിഗ്രേഷൻ നിയമം വഴി മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, സ്റ്റാർമറിന്റെ പദ്ധതികൾ പൂർണ പരാജയവും നാടകവുമാണെന്ന് റീഫോം യു.കെ. നേതാവ് നൈജൽ ഫാരേജ് വിമർശിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ നിന്ന് പിന്മാറാതെ ചെറുബോട്ട് യാത്രകൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന നിലപാടാണ് കൺസർവേറ്റിവുകൾ ഉയർത്തുന്നത്. എന്നാൽ, അഭയാർഥി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാർ സമീപനം ചോദ്യം ചെയ്തു. യുദ്ധവും അടിച്ചമർത്തലും അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്ന് രക്ഷ തേടിയാണ് പലരും ഈ യാത്രയ്ക്ക് ഇറങ്ങുന്നതെന്നും, അഭയാർഥികളെ ശിക്ഷിക്കുന്ന നയങ്ങൾ ഫലപ്രദമല്ലെന്നും അവർ മുന്നറിയിപ്പ് നൽകി.











Leave a Reply