ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആശുപത്രികളും പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ഡേവിഡ് ഹാർട്ട് (22) എന്ന യുവാവിന് അമേരിക്കൻ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ന്യൂയോർക്ക് നോർത്തേൺ ഡിസ്ട്രിക്ട് യുഎസ് കോടതിയാണ് ശിക്ഷ വിധിച്ചത് . സ്കോട്ട് ലാൻഡ് യാർഡും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ പ്രോസിക്യൂട്ട് ചെയ്തത്. ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിൽ ബോംബ് വെച്ചുവെന്നടക്കമുള്ള ഭീഷണികൾ ഇയാൾ ഫോൺ വഴി അറിയിച്ചതായാണ് കേസ്.

2023 ഒക്‌ടോബർ അവസാനം മുതൽ നവംബർ മധ്യം വരെ ഇയാൾ യുകെയിലെ വിവിധ നമ്പറുകളിലേക്ക് 95 ഫോൺവിളികൾ നടത്തിയതായി കോടതി കണ്ടെത്തി . ഇതിൽ 66 വിളികളും ലണ്ടനിലേക്കായിരുന്നു. ഏഴ് ആശുപത്രികൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, രണ്ട് പൊലീസ് കൺട്രോൾ റൂമുകൾ, ക്യാൻസർ വിവര-സഹായ കേന്ദ്രം എന്നിവയാണ് ഇയാൾ ലക്ഷ്യമിട്ടത്. “നിങ്ങളുടെ കെട്ടിടത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ട്, 12 സെക്കൻഡിനുള്ളിൽ പുറത്തേക്ക് ഇറങ്ങണം” എന്ന രീതിയിലുള്ള ഭീഷണികളും ഇയാൾ മുഴക്കിയതായി പൊലീസ് പുറത്തുവിട്ട ഓഡിയോ രേഖകൾ വ്യക്തമാക്കുന്നു.

ഭീഷണികൾ വ്യാജമാണെന്ന് ചിലർക്ക് സംശയമുണ്ടായിരുന്നെങ്കിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടി വന്നതായി പൊലീസ് അറിയിച്ചു. ചില ആശുപത്രികളിൽ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വിശദമായ പരിശോധന നടത്തി. ഹോട്ടൽ ബേസ്‌മെന്റിൽ ബോംബ് വെച്ചുവെന്നുമുള്ള അവകാശവാദങ്ങളും ഇയാൾ ഉന്നയിച്ചിരുന്നു. ഭീഷണികൾ യഥാർത്ഥമായി സ്വീകരിക്കപ്പെടുമെന്ന് ഹാർട്ടിന് ബോധ്യമുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി.











Leave a Reply