മാത്യു വർഗീസ്
റെഡിച്ച് : – കേരള കൾച്ചറൽ അസോസിയേഷൻ (കെ.സി.എ) റെഡിച്ച് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം റെഡിച്ചിലെ ട്രിനിറ്റി ഹൈസ്‌കൂളിൽ ഭംഗിയായി അരങ്ങേറി. രാവിലെ 10.00 മണിക്ക് പ്രസിഡന്റ് ബിൻജു ജേക്കബ്, സെക്രട്ടറി അഭിലാഷ് സേവിയർ , കെ.സി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നിലവിളക്ക് തെളിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി റെഡിച്ച് മേയർ ജോവാന്ന കെയ്ൻ, കൗൺസിലർ ബിൽ ഹാർനെറ്റ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. റെഡിച്ചിലെ മലയാളി സമൂഹം നടത്തുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ അവർ പ്രശംസിക്കുകയും കെ.സി.എയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി സാന്റാക്ലോസ് വേദിയിലെത്തി ആശംസകൾ നേർന്നു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ കാണികൾക്ക് മനോഹരമായ ഒരു ക്രിസ്മസ് അനുഭവം സമ്മാനിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ക്രിസ്മസ് ആത്മാവും നിറഞ്ഞ സമൃദ്ധമായ ക്രിസ്മസ് വിരുന്നിന് ശേഷം വീണ്ടും അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം സംഘടിപ്പിച്ച അത്താഴ വിരുന്നിന് ശേഷം നടന്ന സംഗീത രാവോടെയാണ് ദിനാഘോഷങ്ങൾ സമാപിച്ചത്.
മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്ന രീതിയിൽ സംഘടിപ്പിച്ച ഈ ക്രിസ്മസ് ആഘോഷത്തിന് അംഗങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.











Leave a Reply