സ്വിൻഡൻ: യുകെയിലെ വിപുലമായ അസ്സോസിയേഷനുകളിൽ ഒന്നായ വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ ഇക്കഴിഞ്ഞ ജനുവരി 4ന് സ്വിൻഡനിലെ മെക്ക ഓഡിറ്റോറിയത്തിൽ വിവിധപരിപാടികളോടെ അതി ഗംഭീരമായി ആഘോഷിച്ചു.

മലയാളികളുടെ ഹൃദയവികാരങ്ങളെ തൊട്ടുണർത്തിയ ആഘോഷത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഉത്സവമായി മാറി വിൽഷെയറിന്റെ ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം. ആഘോഷത്തോടനുബന്ധിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ സാംസ്കാരിക കലാപരിപാടികളും വേദിയിൽ അരങ്ങേറി.
കൃത്യം 4:30 മണിക്ക് തന്നെ ആരംഭിച്ച പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഗ്രൂപ്പ് ഡാൻസുകൾ, വിൽഷെയറിലെ വിവിധ കലാകാരന്മാരുടെ സംഗീതം എന്നിവക്കു ശേഷം റാണി പ്രദീഷിന്റേയും ഡോണി പീറ്ററിന്റെയും നേതൃത്വത്തിൽ ഇരുപതിൽപരം കലാകാരൻമാർ ദൃശ്യ വിസ്മയം തീർത്തുകൊണ്ട് വേദിയിൽ ആവിഷ്കരിച്ച ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഏറെ പ്രശംസ പിടിച്ചുപറ്റി. തുടർന്ന് സോണി ആൻഡ് ടീം അവതരിപ്പിച്ച ഏറ്റവും ഹൃദ്യമാർന്ന കരോൾ സംഗീതം ഏവരുടെയും ഹൃദയത്തിൽ ഉത്സവത്തിന്റെ പൊൻകിരണങ്ങൾ തെളിയിച്ചു. ക്രിസ്റ്റീന, ടീന, എൽമി,റെയ്മി, മേനുഹ, ചിഞ്ചു എന്നിവർ ചേർന്ന് അവതരിപ്പിച്ച മാർഗംകളി ഏറെ നയനമനോഹരമായിരുന്നു.

തുടർന്ന് പൊതുസമ്മേളനം. അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് ഏവർക്കും സ്വാഗതം നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. സ്വിൻഡനിലെ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ ഫാദർ സജി നീണ്ടൂർ പരിപാടികളുടെ ഔപചാരിക ഉത്ഘാടനവും സന്ദേശവും നൽകി സംസാരിക്കുകയുണ്ടായി.
കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുദേവന്റെ എളിമയും സ്നേഹവും, സാഹോദര്യവും ഏവരുടെയും ഹൃദയങ്ങളിൽ കാത്തുസൂക്ഷിക്കണമെന്നും ഐക്യം മുറുകെപ്പിടിക്കണമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സംസാരിച്ചു.

ജാതിമത വർണവർഗ ചിന്തകൾക്കപ്പുറം മലയാളിയുടെ ആഘോഷത്തിന്റെ പ്രതീകമാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷമെന്നും ആ ഒത്തുരുമയും കൂട്ടായ പ്രവർത്തനരീതിയുമാണ് വിൽഷെയർ മലയാളീ അസോസിയേഷന്റെ മുഖമുദ്രയെന്നും, എല്ലാവരുടെയും കൂട്ടായ പങ്കാളിത്തമാണ് അസോസിയേഷന്റെ ശക്തിയെന്നും, ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട് പ്രസിഡന്റ് ജിജി സജി സംസാരിച്ചു.
ക്രിസ്മസ് സ്നേഹത്തിന്റെയും നന്മയുടെയും തിരുനാൾ ആണെന്നും മറ്റുള്ളവരിലേക്ക് നന്മയുടെ പ്രകാശമാകാനുള്ള ഓർമപ്പെടുത്തലാണ് ക്രിസ്മസ് എന്നും എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ മലയാളികൾ കാണുന്നതെന്നും വിൽഷെയർ മലയാളികൾ അതിന്റെ ഉത്തമ ഉദാഹരണമാണെന്നും മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ ദുഖവും സന്തോഷവും തന്റേതും കൂടെയാണെന്നും കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണെന്നും സ്നേഹവും കരുതലും നമുക്കോരോരുത്തർക്കും കാത്തുസൂക്ഷിക്കാമെന്നും ഇത്തരം കൂട്ടായ്മകളാണ് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നമ്മെ പഠിക്കുന്നതെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഫാദർ സജി നീണ്ടൂർ ക്രിസ്തുമസ് സന്ദേശം നൽകുകയുണ്ടായി.

ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തപ്പെട്ട പുൽക്കൂട് മത്സരത്തിൽ വിജയികളായവർക്ക് വേദിയിൽ സമ്മാനം നൽകുകയുണ്ടായി. അസോസിയേഷന്റെ 2026 പ്രവർത്തന വർഷത്തിലേക്കുള്ള മെമ്പർഷിപ്പ് ഉത്ഘാടനം പ്രസിഡന്റ് ജിജി സജി നിർവഹിച്ചു.
പൊതുസമ്മേളനത്തിനുശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും അതിനുശേഷം കൊച്ചിൻ ഗോൾഡൻ ഹീറ്റ്സും ബിനു അടിമാലിയും ചേർന്നവതരിപ്പിച്ച മെഗാഷോയും ഉണ്ടായിരുന്നു. ട്രെഷറർ കൃതേഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
ആഘോഷം മികവുറ്റതാക്കാൻ പ്രവർത്തിച്ച മറ്റു കമ്മറ്റി അംഗങ്ങൾ ആയ ബൈജു വാസുദേവൻ, ഡോണി പീറ്റർ, ഡെന്നിസ് വാഴപ്പിള്ളി, വർക്കി കുരുവിള, റെജബുൽ ഹഖ്, എബി തോമസ്, മാത്യു കുര്യാക്കോസ്, രാജേഷ് നടേപ്പിള്ളി, മഞ്ജു ടോം, ജെയ്സ് കെ ജോയ് എന്നിവരാണ്.
പരിപാടിയുടെ നയന മനോഹരമായ രംഗങ്ങൾ ഒപ്പിയെടുത്തത് യുകെയിലെ പ്രശസ്തരായ ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി ആൻഡ് വിഡിയോഗ്രഫി ആണ്.












Leave a Reply