സിബി ജോസ്

സ്റ്റോക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA) യുടെ കുടുംബ കൂട്ടായ്മയിൽ സ്നേഹവും സൗഹൃദവും ഒരുമയും ചേർന്ന് ആഘോഷമായ ക്രിസ്തുമസ് പുതുവത്സര രാത്രി, സ്റ്റോക് ഓൺ ട്രന്റിലെ ഫെന്റൺ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 10-ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പഴയ വർഷത്തോട് നന്ദി പറഞ്ഞു, പുതുവർഷത്തെ തുറന്നഹൃദയത്തോടെ വരവേറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ, സെക്രട്ടറി ശ്രീ. സജി ജോർജ് മുളയ്ക്കൽ സ്വാഗതപ്രസംഗം നടത്തി.

കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളിൽ അനുഭവിച്ച വേദനാജനകമായ മരണങ്ങളുടെ കനത്ത യാഥാർത്ഥ്യം SMA കുടുംബം ഒത്തുചേർന്ന് കൈപിടിച്ചെടുത്ത് സ്റ്റോക് ഓണ്‍ ട്രെന്റിൽ നിന്ന് വിടപറഞ്ഞ എല്ലാവർക്കും ഹൃദയഭാരത്തോടെ അനുശോചനം അർപ്പിച്ചുകൊണ്ട്, ഈശ്വരപ്രാർഥനയോടെ ക്രിസ്തുമസ് പുതുവത്സര ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.

ബാൻഡ് മേളങ്ങളുടെ സന്തോഷധ്വനികളോടൊപ്പം ചുവടുവെച്ച് ആടിപ്പാടി ക്രിസ്തുമസ് പാപ്പ ഹാളിലേക്ക് എത്തിയപ്പോൾ, കുട്ടികളുടെ കണ്ണുകളിൽ അതിരില്ലാത്ത സന്തോഷം, സ്നേഹത്തിന്റെ ദൂതനായി എത്തിയ പാപ്പ, ഓരോ കുഞ്ഞിനെയും സ്നേഹത്തോടെ സമീപിച്ച് മധുരം വിതരണം ചെയ്തു.
പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം ഓർമിപ്പിച്ചുകൊണ്ട്, എസ്എംഎയുടെ ക്രിസ്തുമസ് ആഘോഷത്തിലേക്ക് കടന്നുവന്ന എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്വീകരിച്ച് കേക്കും വൈനും പങ്കുവെച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചത്.

കരോൾ ഗാനങ്ങളുടെ മധുരസ്വരങ്ങളിൽ ഉണർന്ന ആഘോഷവേദി, എസ്എംഎയുടെ സ്വന്തം കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളിലൂടെ നിറഞ്ഞുനിന്നു. ഹൃദയവികാരങ്ങളെ തൊട്ടുണർത്തിയ മാർഗംകളി, ക്രിസ്തുമസിന്റെ ആത്മീയതയും നാടൻകലയുടെ സൗന്ദര്യവും ഒരുമിച്ചു ചേർത്ത്, ഏറെ നയനമനോഹരമായ അനുഭവമായി മാറി.

തുടര്‍ന്ന് പാട്ടിൻ്റെയും താളമേളങ്ങളുടെയും ആവേശത്തോടെ ആടിത്തിമിര്‍ത്ത് വിസ്മയമായി ആഘോഷം ഉയർന്നപ്പോൾ, മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സുപരിചിത സാന്നിധ്യമായ ബിനു അടിമാലി വേദിയിലെത്തിയത് ഉല്ലാസത്തിന് പുതിയ ഉയരങ്ങൾ നൽകി. കോമഡിയുടെയും ഹൃദയം തൊടുന്ന മെലഡികളുടെയും ദ്രുതതാളത്തിലുള്ള അടിപൊളി ഗാനങ്ങളുടെയും സമന്വയത്തിലൂടെ ആഘോഷരാത്രിയെ എല്ലാവർക്കും മറക്കാനാവാത്തൊരു ഓർമയാക്കി മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടുത്ത മഞ്ഞുവീഴ്ചയെയും മറികടന്ന്, നിലക്കാത്ത പുഞ്ചിരികളാൽ നിറഞ്ഞ മുഖങ്ങളും കുഞ്ഞുങ്ങളുടെ ചിരിവെളിച്ചവും ചേർന്നപ്പോൾ, ആ രാത്രി മുഴുവൻ നിലാമഞ്ഞ് നിമിഷങ്ങളായി മാറി

വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ,സംഗീതവും ഗാനവും സ്നേഹസംവാദങ്ങളും ഒരുമിച്ച് ഒഴുകിയ ആ രാത്രി, എസ്എംഎ കുടുംബത്തിന്റെ ഒരുമയും ഐക്യവും വീണ്ടും ഉറപ്പിക്കുന്നതായിരുന്നു.

ക്രിസ്തുമസ് ആഘോഷ പരിപാടിക്ക് “നിലാ മഞ്ഞ് 2K26” എന്ന മനോഹരമായ പേര് നിർദ്ദേശിച്ച മിസിസ്. സിൽസി ജോണിക്ക് വേദിയിൽ പ്രത്യേക സമ്മാനം നൽകി.

പ്രോഗ്രാം കോഓർഡിനേറ്റർമാരായ സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വവും ക്രമീകരണവും നൽകി. സിന്റോ വർഗീസും ക്ലിന്റയും സ്റ്റേജിലെ എല്ലാ ഇവന്റുകളും അതിമനോഹരമായി കോഡിനേറ്റ് ചെയ്തു. ക്രിസ്തുമസ് ആഘോഷം വിജയകരവും മികവുറ്റതുമായ അനുഭവമാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ട്രഷറർ ആൻറണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.