ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2026ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക ഹെൻലി പാസ്‌പോർട്ട് ഇൻഡെക്‌സ് പുറത്തുവിട്ടു. ബ്രെക്സിറ്റിന് ശേഷം പാസ്‌പോർട്ടിന്റെ കരുത്ത് കുറയുന്നുവെന്ന സൂചനകളുമായി യുകെ ഈ വർഷം 182 രാജ്യങ്ങളിലേക്കുള്ള വിസരഹിത പ്രവേശനത്തോടെ ഏഴാം സ്ഥാനത്താണ്. ഇന്ത്യ ടോപ് 10 പട്ടികയിൽ ഇടംനേടിയില്ല. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ)യുടെ വിവരങ്ങളെ അടിസ്ഥാനമാക്കി 199 രാജ്യങ്ങളിലെ പാസ്‌പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

തുടർച്ചയായ മൂന്നാം വർഷവും സിംഗപ്പൂർ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ഒന്നാം സ്ഥാനം നിലനിർത്തി. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂർ പാസ്‌പോർട്ടിന് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നിവ 186 രാജ്യങ്ങളുമായി മൂന്നാം സ്ഥാനത്താണ്.

ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ എന്നിവ നാലാം സ്ഥാനവും ഹംഗറി, പോർച്ചുഗൽ, സ്ലോവാക്യ, സ്ലോവീനിയ, യുഎഇ എന്നിവ അഞ്ചാം സ്ഥാനവും നേടി. അമേരിക്കൻ പാസ്‌പോർട്ട് പട്ടികയിൽ വീണ്ടും പിന്നോട്ട് പോയി പത്താം സ്ഥാനത്തേക്ക് വീണു . അമേരിക്കൻ പാസ്‌പോർട്ടിന് 179 രാജ്യങ്ങളിലേക്കാണ് വിസരഹിത യാത്ര സാധ്യമാകുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് യുഎസിനും യുകെയ്ക്കും ഇത് ശ്രദ്ധേയമായ ഇടിവാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.











Leave a Reply