ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവ മേഖലയിലെ ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസ് (FCDO) അടിയന്തിര ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബഹ്റൈൻ, സൈപ്രസ്, ഈജിപ്ത്, ഇറാൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലെബനൻ, ലിബിയ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, തുർക്കി, യുഎഇ, യെമൻ എന്നിവയാണ് മുന്നറിയിപ്പിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ബ്രിട്ടീഷ് പൗരന്മാർ യാത്രക്കിടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, അപ്രതീക്ഷിത യാത്രാ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ തയ്യാറായി ഇരിക്കണമെന്നും എഫ് സി ഡി ഒ നിർദേശിച്ചു.

ഇത് ഔദ്യോഗികമായ ‘യാത്ര ചെയ്യരുത്’ എന്ന മുന്നറിയിപ്പല്ലെന്നും, നിലവിൽ സാധാരണ മുൻകരുതലുകൾ സ്വീകരിക്കണമെന്നുള്ള ഉപദേശം മാത്രമാണെന്നും എഫ് സി ഡി ഒ വ്യക്തമാക്കി. എന്നാൽ, ഭാവിയിൽ ഏതെങ്കിലും രാജ്യത്തേക്ക് ‘യാത്ര ഒഴിവാക്കുക’ എന്ന തരത്തിലുള്ള ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചാൽ അത് അവഗണിക്കുന്നത് യാത്രാ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനുവരി 15 ന് ഇറാന്റെ വ്യോമപാത അപ്രതീക്ഷിതമായി വാണിജ്യ വിമാനങ്ങൾക്ക് അടച്ചത് നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടാനും യാത്ര തടസ്സപ്പെടാനും കാരണമായിരുന്നു. മേഖലയിലെ സൈനിക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനത്താവള അടച്ചിടലുകളും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് പുതിയ മുന്നറിയിപ്പിന് പിന്നിൽ. ഈ രാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളവർ എഫ് സി ഡി ഒയുടെ പുതിയ നിർദേശങ്ങൾ നിരന്തരം പരിശോധിക്കണമെന്നും, വിമാന സർവീസുകളെ കുറിച്ച് എയർലൈൻസുകളെയോ ടൂർ ഓപ്പറേറ്റർമാരെയോ നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.











Leave a Reply