ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വർഷമായി. എന്നിട്ടും പല സ്ഥലങ്ങളിലും സ്ഥിതി മോശമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . രാജ്യത്തെ 129 ആശുപത്രി ട്രസ്റ്റുകളിൽ 31 എണ്ണത്തിൽ കാത്തിരിപ്പ് സമയം മുൻവർഷത്തേക്കാൾ വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത് . ബ്ലാക്ക്പൂൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് (Blackpool), ഈസ്റ്റ് ചെഷയർ എൻഎച്ച്എസ് ട്രസ്റ്റ് (East Cheshire), ബാർൻസ്ലി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് (Barnsley), വിറ്റിംഗ്ടൺ ഹെൽത്ത് (ലണ്ടൻ), എപ്സം ആൻഡ് സെന്റ് ഹെലിയർ എൻഎച്ച്എസ് ട്രസ്റ്റ് (സറി–ലണ്ടൻ മേഖല) എന്നിവിടങ്ങളിലാണ് പ്രധാനമായി കാത്തിരുപ്പ് സമയം കൂടിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കുറവ്, റെസിഡന്റ് ഡോക്ടർമാരുടെ സമരം, ഐടി സംവിധാനങ്ങളിലെ തകരാറുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ലാങ്കാഷയറിലെ ബ്ലാക്ക്പൂളിൽ താമസിക്കുന്ന 72 വയസ്സുള്ള മേരി വാട്ടർഹൗസിന്റെ അനുഭവം ഈ പ്രതിസന്ധിയുടെ വേദനാജനകമായ ചിത്രം നൽകുന്നു. ആർത്രൈറ്റിസ് രോഗബാധിതയായ മേരി ബ്ലാക്ക്പൂൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ ചികിത്സ തേടിയെങ്കിലും അവരുടെ അവസ്ഥ ഗുരുതരമായതിനു ശേഷം പരിശോധനയ്ക്കായി എട്ട് മാസം ആണ് കാത്തിരിക്കേണ്ടിവന്നത് . പിന്നീട് ഇരുകാലുകളിലും കാൽമുട്ടിലും ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതോടെ അവൾ ചികിത്സ ഉപേക്ഷിച്ചു. ഓരോ ഘട്ടത്തിലും നീണ്ട കാത്തിരിപ്പായിരുന്നെന്നും ഒരിക്കലും അവസാനിക്കാത്ത ക്യൂവിലാണെന്ന് തോന്നിയതായും അവർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു . സമയബന്ധിത ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവിതം ഏറെ മെച്ചപ്പെട്ടേനെയെന്ന് ആർത്രൈറ്റിസ് യുകെ സംഘടന ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കുന്നവരുടെ ശതമാനം ചെറിയ തോതിൽ ഉയർന്നിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളുടെയും സ്ഥിതി വളരെ ഗുരുതരമാണ് . ഈസ്റ്റ് ചെഷയർ ആശുപത്രിയിൽ 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കുന്നവരുടെ ശതമാനം 61ൽ നിന്ന് 51 ആയി കുറഞ്ഞു. ബാർൻസ്ലിയിലും എപ്സം ആൻഡ് സെന്റ് ഹെലിയറിലും സമാന അവസ്ഥയാണ്. ഇതിന് വിപരീതമായി ശ്രൂസ്ബറി ആൻഡ് ടെൽഫോർഡ് എൻഎച്ച്എസ് ട്രസ്റ്റ് (Shrewsbury & Telford) കാത്തിരിപ്പ് സമയത്തിന്റെ കാര്യത്തിൽ വലിയ പുരോഗതി കൈവരിച്ചു. 2029ഓടെ ലക്ഷ്യം കൈവരിക്കുമെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും രോഗികൾക്ക് തുല്യവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കാൻ പിന്നോക്കം പോകുന്ന ആശുപത്രികളിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.











Leave a Reply