ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിന്റെ ഗ്രാമപ്രദേശങ്ങളിലുടനീളം നൂറുകണക്കിന് അനധികൃത മാലിന്യകൂമ്പാരങ്ങൾ കൂടുന്നതായുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ഇത്തരം കുറഞ്ഞത് 11 സൈറ്റുകളിൽ പതിനായിരക്കണക്കിന് ടൺ മാലിന്യങ്ങൾ അടുക്കിക്കൂട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത് . 2024–25 കാലയളവിൽ 700-ലധികം അനധികൃത മാലിന്യകേന്ദ്രങ്ങൾ അടച്ചുപൂട്ടിയെങ്കിലും കഴിഞ്ഞ വർഷാവസാനം വരെ 517 കേന്ദ്രങ്ങൾ ഇപ്പോഴും സജീവമാണെന്ന് പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. ചെഷയറിലെ നോർത്ത്‌വിചിൽ 2.8 ലക്ഷം ടൺ മാലിന്യമുള്ള കേന്ദ്രം ഉൾപ്പെടെ ലങ്കാഷയർ, കോർണ്വാൾ, കെന്റ്, ഓക്സ്ഫോർഡ്ഷയർ എന്നിവിടങ്ങളിലായി വൻകിട മാലിന്യകൂമ്പാരങ്ങളാണ് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രാമീണ മേഖലകളിലെ കൃഷിയിടങ്ങളിലും അവിടങ്ങളിലെ പാതയോരങ്ങളോട് ചേർന്നുമാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. സംഘടിതമായി കുറ്റകൃത്യം നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിൽ എന്ന് പോലീസ് വെളിപ്പെടുത്തി . നിയമപരമായ മാലിന്യസംസ്‌കരണ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ മാലിന്യം ഏറ്റുവാങ്ങി കുഴിച്ചുമൂടുകയോ കൂമ്പാരങ്ങളാക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതി. ഗ്ലോസ്റ്റർഷയറിലെ ഓവറിൽ പതിനായിരക്കണക്കിന് ടൺ മാലിന്യം അടുക്കിക്കൂട്ടിയതിനെ തുടർന്ന് തീപിടിത്തവും പുകയുമുണ്ടായതായും സമീപവാസികൾ ആരോഗ്യ–പരിസ്ഥിതി ഭീഷണി നേരിടുന്നതായും പരാതിപ്പെട്ടിരുന്നു . നദീതീരങ്ങളിലേക്കും വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്കും മലിനീകരണം ചോർന്നൊഴുകുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട് .

പരിസ്ഥിതി പ്രവർത്തകർ സർക്കാരിന്റെയും പരിസ്ഥിതി ഏജൻസിയുടെയും നടപടികൾ അപര്യാപ്തമാണെന്ന് വിമർശിച്ചു. കുറ്റവാളികളെ കണ്ടെത്തിയിട്ടും മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിൽ കാലതാമസമുണ്ടെന്നാണ് ആരോപണം. പരിസ്ഥിതി ഏജൻസി അന്വേഷണം തുടരുകയാണെന്നും അനധികൃത മാലിന്യകുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്നും അറിയിച്ചു. കുറ്റക്കാർക്ക് കടുത്ത ശിക്ഷയും കൂടുതൽ കർശനമായ നിയന്ത്രണങ്ങളും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.