ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ നോർത്ത് ഷീൽഡ്സിൽ സ്ഥിതിചെയ്യുന്ന ജോൺ സ്പെൻസ് കമ്മ്യൂണിറ്റി ഹൈസ്കൂൾ സമീപത്ത് സംശയാസ്പദ ആയുധവുമായി ഒരാളെ കണ്ടതിനെ തുടർന്ന് ഇന്നലെ അവധി കൊടുത്തു . പ്രസ്റ്റൺ റോഡ് നോർത്തിലെ ബസ് സ്റ്റോപ്പിൽ ആയുധമെന്ന് സംശയിക്കാവുന്ന വസ്തു കൈവശമുള്ള ഒരാളെ കണ്ടതായി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.15ഓടെ നോർതംബർലിയ പോലീസിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് സ്കൂൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.

വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും, റിപ്പോർട്ടിലുണ്ടായിരുന്ന വ്യക്തി ഇതിനോടകം പ്രദേശം വിട്ടതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് നാട്ടുകാരിൽ ആശങ്ക ഉയർന്നതോടെ പോലീസ് സ്ഥലത്ത് തുടരുകയും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു. സമീപ പ്രദേശത്തെ ചില സ്കൂളുകൾ മുൻകരുതൽ നടപടിയായി സ്വമേധയാ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും, കുറച്ച് സമയം കഴിഞ്ഞ് നിയന്ത്രണങ്ങൾ പിൻവലിച്ചതായും അധികൃതർ വ്യക്തമാക്കി.

ജോൺ സ്പെൻസ് കമ്മ്യൂണിറ്റി ഹൈസ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്ക് ലോക്ക്ഡൗൺ സംബന്ധിച്ച സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ് എന്ന് നോർതംബർലിയ പോലീസ് വക്താവ് പറഞ്ഞു. ആശങ്കയുള്ളവർ ഡ്യൂട്ടിയിലുള്ള പോലീസുകാരെ സമീപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.











Leave a Reply