ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അഞ്ചാംപനി (മീസിൽസ്) രോഗം പൂര്‍ണമായി ഇല്ലാതാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുകെ പുറത്തായി. അഞ്ചാംപനി മൂലമുള്ള മരണങ്ങൾ വർധിക്കുകയും എംഎംആർ (MMR) വാക്സിൻ സ്വീകരിക്കുന്ന കുട്ടികളുടെ ശതമാനം കുറയുകയും ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന (WHO) ഈ തീരുമാനം കൈക്കൊണ്ടത്. 2021 മുതൽ 2023 വരെ യുകെയെ അഞ്ചാംപനി-രഹിത രാജ്യമെന്ന നിലയിൽ അംഗീകരിച്ചിരുന്നെങ്കിലും, 2024-ൽ മാത്രം 3,681 കേസുകൾ റിപ്പോർട്ട് ചെയ്തതും മരണങ്ങളുടെ എണ്ണം വർധിച്ചതുമാണ് നിലപാട് മാറ്റാൻ കാരണം. യൂറോപ്പും മധ്യേഷ്യയും ഉൾപ്പെടുന്ന മേഖലയിലെ അഞ്ചാംപനി-രഹിത പദവി നഷ്ടപ്പെട്ട ആറു രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ യുകെ; സ്പെയിൻ, ഓസ്ട്രിയ, അർമേനിയ, അസർബൈജാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയും പട്ടികയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019 മുതൽ 2025 വരെയുള്ള ആറു വർഷത്തിനിടെ അഞ്ചാംപനി മൂലം യുകെയിൽ 20 പേർ മരിച്ചതായി കണക്കുകൾ പറയുന്നു. 1999 മുതൽ 2018 വരെയുള്ള 19 വർഷത്തിനിടെയുണ്ടായ മരണസംഖ്യയ്ക്കു തുല്യമാണ് ഇത്. വാക്സിൻ സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഡബ്ലിയു എച്ച് ഒ യുടെ യൂറോപ്യൻ മേഖലാ സമിതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്ന വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കാൻ സമയബന്ധിതമായി അപ്പോയിന്റ്മെന്റ് ലഭിക്കാത്തതും വാക്സിൻ സ്വീകരണത്തിൽ കുറവുണ്ടാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഞ്ചാംപനി, മംപ്‌സ്, റൂബെല്ല രോഗങ്ങൾ പൂര്‍ണമായി ഇല്ലാതാക്കാൻ 95 ശതമാനം വാക്സിൻ കവറേജ് അനിവാര്യമാണെന്നും ഡബ്ലിയു എച്ച് ഒ വ്യക്തമാക്കി.

യുകെയിൽ കുട്ടികൾക്ക് 12-ാം മാസത്തിലും 18-ാം മാസത്തിലും രണ്ട് ഡോസ് എംഎംആർ വാക്സിൻ നൽകുന്നുണ്ടെങ്കിലും, കഴിഞ്ഞ ദശകത്തിൽ സ്വീകരണനിരക്ക് ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിൽ ആദ്യ ഡോസ് സ്വീകരിക്കുന്ന കുട്ടികളുടെ ശതമാനം 2015–16ൽ 91.9 ആയിരുന്നത് 2024–25ൽ 88.9 ആയി കുറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച അഞ്ച് വയസ്സുകാരുടെ ശതമാനം 88.2ൽ നിന്ന് 83.7ലേക്കും ഇടിഞ്ഞു. ഇത് നയപരമായ പരാജയമാണെന്നും രക്ഷിതാക്കളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും ആരോഗ്യ സംഘടനകൾ പ്രതികരിച്ചു. വാക്സിനേഷൻ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും പിന്നോക്കം കൈവരാൻ പ്രയാസമുള്ള വിഭാഗങ്ങളിലേക്കും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യണമെന്ന് ഡബ്ലിയു എച്ച് ഒ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു.