ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ 7 ലക്ഷത്തിലധികം സർവകലാശാല ബിരുദധാരികൾ ജോലി ഇല്ലാതെ ക്ഷേമബനിഫിറ്റുകൾ ആശ്രയിക്കുന്നതായി പുതിയ പഠനം കണ്ടെത്തി . കൺസർവേറ്റീവ് എംപി സർ ഐയിൻ ഡങ്കൻ സ്മിത്ത് സ്ഥാപിച്ച സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (CSJ) നടത്തിയ വിശകലനത്തിൽ 2024-ൽ 16 മുതൽ 64 വയസ്സ് വരെയുള്ള 7.07 ലക്ഷത്തിലധികം ബിരുദധാരികൾ സർക്കാർ ബനിഫിറ്റുകൾ സ്വീകരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . ഇത് 2019-നേക്കാൾ 46 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 4 ലക്ഷം പേർ യൂണിവേഴ്സൽ ക്രെഡിറ്റ് സ്വീകരിക്കുന്നവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജോലി ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച ബിരുദധാരികളുടെ എണ്ണം 2.4 ലക്ഷമാണ്. 2019-ൽ ഇത് 1.17 ലക്ഷം മാത്രമായിരുന്നുവെന്നും കോവിഡ് മഹാമാരിക്ക് ശേഷം ഈ സംഖ്യ ഇരട്ടിയിലധികമായി വർധിച്ചതായും സി എസ് ജെ വ്യക്തമാക്കി. 30 വയസിന് താഴെയുള്ള 1.1 ലക്ഷം ബിരുദധാരികൾ ജോലി ഇല്ലാതെ കുറഞ്ഞത് ഒരു ബനിഫിറ്റ് എങ്കിലും സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, 2024-ലെ കണക്കുകൾ പ്രകാരം ജോലി ചെയ്യാവുന്ന പ്രായത്തിലുള്ള ബിരുദധാരികളുടെ 88 ശതമാനം പേർ തൊഴിൽ രംഗത്തുണ്ടായിരുന്നുവെന്നും, ബിരുദമില്ലാത്തവരിൽ ഇത് 68 ശതമാനം മാത്രമാണെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു.

വിദ്യാഭ്യാസ സംവിധാനം സർവകലാശാല പഠനത്തിലേക്ക് മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ദോഷഫലമാണ് ഈ സാഹചര്യമെന്ന് സർ ഐയിൻ ഡങ്കൻ സ്മിത്ത് അഭിപ്രായപ്പെട്ടു. തൊഴിൽപരമായ പരിശീലനവും അപ്രന്റിസ്‌ഷിപ്പുകളും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ലെവൽ–4 അപ്രന്റിസ്‌ഷിപ്പ് പൂർത്തിയാക്കിയവർക്ക് അഞ്ച് വർഷത്തിന് ശേഷം ബിരുദധാരികളെക്കാൾ ശരാശരി £5,000 അധികവരുമാനം ലഭിക്കുന്നതായും സി എസ് ജെ ചൂണ്ടിക്കാട്ടി. യുവാക്കളെ തൊഴിൽ രംഗത്തേക്ക് എത്തിക്കാൻ £1.5 ബില്ല്യൺ നിക്ഷേപിക്കുന്നതായും ‘ജോബ്‌സ് ഗ്യാരണ്ടി’ പദ്ധതിയിലൂടെ നിയമന അവസരങ്ങൾ വർധിപ്പിക്കുന്നതായുമാണ് പുറത്തുവരുന്ന വിവരങ്ങളോടെ സർക്കാർ വക്താവ് പ്രതികരിച്ചത്, . യുവതലമുറയെ പിന്നോട്ട് നയിക്കുന്ന കാരണങ്ങൾ കണ്ടെത്താൻ മുൻ ആരോഗ്യമന്ത്രി അലൻ മിൽബൺ നേതൃത്വം നൽകുന്ന പ്രത്യേക അവലോകനവും സർക്കാർ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട് .











Leave a Reply