മനോജ് ജോസഫ് ചെത്തിപ്പുഴ
ലിവർപൂൾ: ലിവർപൂളിലെ പ്രമുഖ സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) അതിന്റെ അഭിമാനകരമായ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ലിമയുടെ സിൽവർ ജൂബിലി ആഘോഷമായ ‘പ്രയാണം @ 25’ ജനുവരി 31 ശനിയാഴ്ച ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ മൗണ്ട്ഫോർഡ് ഹാളിൽ വെച്ച് നടക്കും.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ലിവർപൂളിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലിമ, വിപുലമായ പരിപാടികളോടെയാണ് ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് രാത്രി 9:30 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അതിഥികളായി എത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖരാണ്. മെഴ്സിസൈഡ് പോലീസിലെ ഇൻസ്പെക്ടർ (Community Engagement Unit) ശ്രീ. ഇയാൻ സ്പീഡ്, യുക്മയുടെ (UUKMA) ദേശീയ പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ. ഷാജി തോമസ് വാരക്കുടി, അതോടൊപ്പം ലിംകയുടെ (LIMCA) പ്രസിഡന്റ് ശ്രീ. ജേക്കബ് വർഗീസും ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. സംഘടനയുടെ മുൻകാല പ്രസിഡന്റുമാർ, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചവർ, കൂടാതെ കാൽ നൂറ്റാണ്ടുകാലം നമ്മുടെ സമൂഹത്തിനായി ജീവിതം സമർപ്പിച്ച വിശിഷ്ട വ്യക്തികൾ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടാകും.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക ഡെൽസി നൈനാനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും നയിക്കുന്ന തത്സമയ സംഗീത വിരുന്നാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം ലിവർപൂളിലെയും യുകെയിലെയും മികച്ച നർത്തകരും വേദിയിലെത്തും. യുക്മ നാഷണൽ വിന്നേഴ്സായ ഡാൻസിങ് സ്റ്റാർസ്, ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോ, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ദക്ഷിണ ഡാൻസ് ടീം എന്നിവരുടെ നൃത്തശിൽപ്പങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും. ലിവർപൂളിലെ സാറ്റ്.വിക (Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന ചെണ്ടമേളം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ നൈറ്റും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണെങ്കിലും ഹാളിലെ പരിമിതമായ സീറ്റുകൾ പരിഗണിച്ച് എൻട്രി പാസ്സ് നിർബന്ധമാക്കിയിട്ടുണ്ട്. നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണശാല പരിപാടി നടക്കുന്ന മൗണ്ട്ഫോർഡ് ഹാൾ പരിസരത്ത് സജ്ജീകരിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പഴയകാല ഓർമ്മകൾ പങ്കുവെക്കാനും ഈ സിൽവർ ജൂബിലി വേദി കളമൊരുക്കും.












Leave a Reply