ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യു.കെ.യിൽ അനധികൃതമായി തുടരാൻ കുടിയേറ്റക്കാർ വ്യാജ ജോലികൾ വാങ്ങുന്നതായുള്ള ആരോപണത്തിൽ ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചു. വിസ ഏജന്റുമാർ വഴി വ്യാജ ജോലി രേഖകളും സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പും ഒരുക്കി നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി ‘ദി ടൈംസ്’ നടത്തിയ അന്വേഷണത്തിൽ, കണ്ടെത്തിയിരുന്നു . 26 ഏജന്റുകളുമായി സംസാരിച്ച അന്വേഷണ സംഘം, ഏകദേശം 250 വ്യാജ ജോലികൾ സ്കിൽഡ് വർകർ വിസയ്ക്കായി ഉപയോഗിച്ചതായുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചില കുടിയേറ്റക്കാരിൽ നിന്ന് £13,000 വരെ ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

2020-ൽ ആരംഭിച്ച സ്കിൽഡ് വർക്കർ വിസ പദ്ധതിയിലൂടെ ആരോഗ്യ, സോഷ്യൽ കെയർ, കെട്ടിട നിർമാണം തുടങ്ങിയ മേഖലകളിലെ തൊഴിൽ ക്ഷാമം നികത്തുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം വച്ചിരുന്നത് . എന്നാൽ വ്യാജ സി.വി., ബാങ്ക് രേഖകൾ, പേറോൾ ഡോക്യുമെന്റുകൾ എന്നിവ തയ്യാറാക്കി യാഥാർത്ഥ്യത്തിൽ ഇല്ലാത്ത ജോലികൾ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ചിലർക്ക് തട്ടിപ്പിനിരയായി വലിയ തുക നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല” എന്നും അതിർത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും ശക്തമാക്കുമെന്നും സർക്കാർ വക്താവ്, “ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാജ ജോലി രേഖകളോ പണം നൽകി സ്വന്തമാക്കിയ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പോ ഉപയോഗിച്ച് യു.കെ.യിൽ ജോലി നേടുകയോ വിസ നിലനിർത്തുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയാൽ വിസ ഉടൻ റദ്ദാക്കൽ, അപേക്ഷ തള്ളൽ, നാടുകടത്തൽ, 5 മുതൽ 10 വർഷം വരെ യു.കെ.യിൽ വീണ്ടും പ്രവേശിക്കാൻ വിലക്ക് എന്നിവ നിർബന്ധമായും നടപ്പാക്കും. ഗുരുതരമായ കേസുകളിൽ ഫ്രീഡ് ആക്ട്, ഇമിഗ്രേഷൻ ആക്ട് എന്നിവ പ്രകാരം കേസെടുത്ത് പിഴയോ ദീർഘകാല തടവോ വരെ ശിക്ഷ ലഭിക്കാമെന്നും ഹോം ഓഫീസ് അറിയിച്ചു. വ്യാജ രേഖകൾ നൽകിയ ഏജന്റുമാരുടെയും സ്പോൺസർ സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും, “ഏജന്റുമാർ വഞ്ചിച്ചു” എന്ന വാദം ഉന്നയിച്ചാലും കുടിയേറ്റ നടപടി ഒഴിവാക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.


ഇതേസമയം പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കുടിയേറ്റ സംവിധാനത്തിൽ സർക്കാർ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് പ്രസ്തുത വിഷയത്തിൽ ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ് പ്രതികരിച്ചത് . റീഫോം യു.കെ.യും ശക്തമായ നടപടി ആവശ്യപ്പെട്ടു. 2025-ൽ സ്കിൽഡ് വർക്കർ വിസ അപേക്ഷകൾ 36 ശതമാനം കുറഞ്ഞ് 85,500 ആയിരുന്നു . ലേബർ സർക്കാർ നടപ്പാക്കിയ കർശന നടപടികൾ, കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്മെന്റ് അവസാനിപ്പിക്കൽ, മിനിമം ശമ്പളം £41,700 ആയി ഉയർത്തൽ എന്നിവയാണ് അപേക്ഷ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.