മുംബൈ: അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് നേതൃത്യശൂന്യത നേരിടുന്ന എൻ.സി.പി.യിൽ, പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിയുന്ന മുഖമായി സുനേത്രാ പവാറിനെ മുന്നോട്ട് കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമായി. നിലവിൽ രാജ്യസഭാംഗമായ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും പാർട്ടിയുടെ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്കുമാണ് പരിഗണിക്കുന്നത്. എം.എൽ.എ.മാരെയെല്ലാം ഒരുമിപ്പിച്ച് ബി.ജെ.പി. നേതൃത്വത്തിലുള്ള മുന്നണിയിൽ പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവിനെ തേടുന്ന സാഹചര്യത്തിലാണ് അവരുടെ പേര് സജീവമായത്. നിയമസഭാകക്ഷി നേതാവായി മറാഠാ നേതാവിനെയേ അംഗീകരിക്കൂവെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. പിന്നീട് അവർ നിയമസഭാകക്ഷി നേതാവാകുമെന്ന പ്രതീക്ഷയാണ് പാർട്ടി നേതാക്കൾ പങ്കുവയ്ക്കുന്നത്. എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴായിരുന്നു അജിത് പവാറിന്റെ വിയോഗം. പുണെയിലും പിംപ്രി–ചിഞ്ച്‌വാഡിലും നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഫലങ്ങൾ നിരാശാജനകമായിരുന്നു. എന്നിരുന്നാലും, ഒരുമിച്ച് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ പിന്തുടർച്ചയും ലയനസാധ്യതയും സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമായിരിക്കുന്നത്.
വർഷങ്ങളോളം സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന സുനേത്രാ പവാർ, 2024-ൽ ശരദ് പവാറിന്റെ മകളായ സുപ്രിയാ സുലെയ്ക്കെതിരെ ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചതോടെയാണ് ഔപചാരികമായി രാഷ്ട്രീയത്തിലേക്ക് കടന്നത്. പരാജയം നേരിട്ടെങ്കിലും ആ മത്സരം സംസ്ഥാനതലത്തിൽ അവരെ ശ്രദ്ധേയയാക്കി. തുടർന്ന് മഹായുതി സ്ഥാനാർഥിയായി 2024-ൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാരാമതിയുമായുള്ള ബന്ധമാണ് അവരുടെ പ്രധാന ശക്തി. അജിത് പവാറിന്റെ മകൻ പാർഥിനെ രാഷ്ട്രീയ അവകാശിയായി ഉയർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, പാർട്ടിപ്രവർത്തകരെയും എം.എൽ.എ.മാരെയും ഒന്നിപ്പിക്കാൻ കഴിയുന്ന മുഖമായി സുനേത്രാ പവാറിനെ മുന്നിൽനിര്‍ത്തുകയാണ് എൻ.സി.പി. നേതൃത്വം.











Leave a Reply