ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ കാർ, വാൻ, ട്രക്ക്, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർമ്മാണം കഴിഞ്ഞ വർഷം 1952ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ 7,64,715 വാഹനങ്ങൾ മാത്രമാണ് നിർമ്മിച്ചത്. ഇത് 2024നേക്കാൾ 15.5 ശതമാനം കുറവാണ്. നിർമ്മിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും കാറുകളാണ്. 2016ൽ 17 ലക്ഷം കാറുകൾ നിർമ്മിച്ചിരുന്ന രാജ്യത്ത് ഇപ്പോഴത്തെ ഇടിവ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വ്യവസായം നേരിടുന്നത് ഏറ്റവും കഠിനമായ വെല്ലുവിളികൾ ആണെന്ന് SMMT ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്സ് പറഞ്ഞു. ജാഗ്വാർ ലാൻഡ് റോവറിന് നേരെയുണ്ടായ സൈബർ ആക്രമണവും ലൂട്ടണിലെ ഫാക്ടറി അടച്ചുപൂട്ടലും ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇതോടൊപ്പം ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കോവിഡ് കാലത്തെ ആഘാതം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, സ്വിൻഡണിലെ ഹോണ്ട ഫാക്ടറി അടച്ചത് തുടങ്ങിയ കാര്യങ്ങളും വ്യവസായത്തിന് തിരിച്ചടിയായി.

ഈ വർഷം പുതിയ ഇലക്ട്രിക് വാഹന മോഡലുകൾ വിപണിയിലെത്തുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 2027ഓടെ കാർ, വാൻ ഉത്പാദനം വീണ്ടും ഉയരാമെന്നുമാണ് SMMTയുടെ വിലയിരുത്തൽ. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നയ നിർദേശങ്ങൾ ബ്രിട്ടൻ വാഹന വ്യവസായത്തിന് വലിയ ഭീഷണിയാണെന്നും ഹോവ്സ് മുന്നറിയിപ്പ് നൽകി.











Leave a Reply