ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും പൂർണമായും മൊബൈൽ ഫോൺ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ അധ്യാപകർക്ക് കർശനമായ നിർദേശം നൽകി. സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും, സ്കൂളിൽ വരുന്ന ദിവസം മുഴുവനും വിദ്യാർത്ഥികൾക്ക് ഫോൺ ഉപയോഗം അനുവദിക്കരുതെന്നും അവർ വ്യക്തമാക്കി.

സ്കൂളുകളിലേക്ക് അവർ അയച്ച കത്തിൽ, ക്ലാസ് സമയങ്ങളിൽ മാത്രമല്ല ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തു പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്സൺ ചൂണ്ടിക്കാട്ടി. കണക്കുകൂട്ടലുകൾക്കോ പഠനാവശ്യമായ വിവരശേഖരണത്തിനോ പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

സ്കൂളുകളിൽ മൊബൈൽ ഫോൺ നയങ്ങൾ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്സ്റ്റെഡ് (Ofsted) പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികളുടെ മുന്നിൽ അധ്യാപകരും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. വിദ്യാർത്ഥികളുടെ ശ്രദ്ധയും പഠന ശേക്ഷിയും മെച്ചപ്പെടുത്തുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.











Leave a Reply