ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകൾ യുകെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ആണ് സൃഷ്ടിക്കുന്നത് . വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാകുകയാണ്. അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മാൻഡൽസണെ നിയമിച്ചതാണ് കിയർ സ്റ്റാർമർക്ക് വിനയായത്. ജെഫ്രി എപ്സ്റ്റീനുമായുള്ള പീറ്റർ മാൻഡൽസന്റെ മുൻകാല ബന്ധങ്ങൾ വെളിപ്പെട്ടതോടെ ഭരണകക്ഷിക്കുള്ളിൽ കിയർ സ്റ്റാർമറുടെ രാജി ആവശ്യം ശക്തമായി. സ്റ്റാർമർ നേരിട്ട് ആരോപണങ്ങൾ നേരിടുന്നില്ലെങ്കിലും, എപ്സ്റ്റീനുമായി ബന്ധമുള്ള വ്യക്തികളുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം രാജി ആവശ്യപ്പെടുന്നവരുടെ മുറവിളി വർധിപ്പിച്ചിരിക്കുകയാണ്.

കിയർ സ്റ്റാർമർ സ്ഥാനമൊഴിയുന്ന പക്ഷം, നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയെന്ന നേട്ടം ഷബാന മഹ്മൂദിന് സ്വന്തമാകും. പാർട്ടിക്കുള്ളിൽ ശക്തമായ വാഗ്മിയെന്ന പേരിൽ അറിയപ്പെടുന്ന ഷബാന, സ്റ്റാർമർ മന്ത്രിസഭയിലെ പ്രധാന മുഖങ്ങളിലൊരാളാണ്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലെ മിർപൂർ പട്ടണത്തിലും വേരുകളുള്ള സുബൈദയുടെയും മഹ്മൂദ് അഹമ്മദിന്റെയും മകളായി ബർമിങ്ങാമിലാണ് ഷബാനയുടെ ജനനം.

ഷബാന മഹ്മൂദ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നുള്ള നിയമബിരുദധാരിയാണ്. 2010ൽ ബ്രിട്ടനിലെ ആദ്യ വനിതാ മുസ്‌ലിം എംപിമാരിൽ ഒരാളായി പാർലമെന്റിലെത്തിയ അവർ, 2025ൽ ആഭ്യന്തര സെക്രട്ടറി പദവിയേറ്റതിന് ശേഷം അതിർത്തി സുരക്ഷയും കുടിയേറ്റ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. സ്റ്റാർമറുടെ രാജി ആവശ്യങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഷബാന മഹ്മൂദ് യുകെ രാഷ്ട്രീയത്തിലെ ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുകയാണ്.











Leave a Reply