ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സറെ രാജകീയ പദവിക്രമത്തിൽ നിന്ന് നീക്കാനുള്ള ഏത് നിർദേശത്തിനും പിന്തുണ നൽകുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് കത്ത് അയച്ചു. ഒക്ടോബർ 2025-ൽ ആൻഡ്രൂവിന്റെ “പ്രിൻസ്” അടക്കമുള്ള രാജകീയ പദവികൾ നീക്കപ്പെട്ടിരുന്നു. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും സിംഹാസനാവകാശ നിരയിൽ എട്ടാമനായി തുടരുകുയാണ് . കോമൺവെൽത്ത് രാജ്യമായ ഓസ്‌ട്രേലിയയിൽ ഇത്തരത്തിലുള്ള നിയമഭേദഗതികൾക്ക് അംഗരാജ്യങ്ങളുടെ സമ്മതം ആവശ്യമാണ്. അതുകൊണ്ട് തന്നെ അൽബനീസിന്റെ നിലപാട് നിർണായകമായി കണക്കാക്കപ്പെടുന്നു.

ജെഫ്രി എപ്സ്റ്റീനിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളാണ് ആൻഡ്രുവിനെതിരെ നേരത്തെ ഉയർന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പദവികൾ നീക്കം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുജന സേവനത്തിലെ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട സംശയത്തിൽ ആൻഡ്രുവിനെ അറസ്റ്റ് ചെയ്തിരുന്നു . ഇതോടെയാണ് ഈ വിഷയത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ട്. എന്നാൽ രാജകീയ പദവിക്രമത്തിൽ നിന്ന് നീക്കാൻ പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുന്നത് യുകെ സർക്കാർ പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതിനായി പാർലമെന്ററി നടപടികൾ ആവശ്യമാകും. കോമൺവെൽത്ത് രാജ്യങ്ങളുമായി ആലോചനകളും നടക്കേണ്ടിവരും.
നിയമം പൂർണമായും, നീതിപൂർവ്വവും ശരിയായ രീതിയിലും മുന്നോട്ടുപോകണം,” എന്നാണ് തന്റെ അഭിപ്രായമെന്നാണ് സഹോദരന്റെ അറസ്റ്റിനെ തുടർന്ന് രാജാവ് ചാൾസ് മൂന്നാമൻ പ്രതികരിച്ചുത്. ആരോപണങ്ങൾ ഗുരുതരമാണെന്നും ഓസ്‌ട്രേലിയക്കാർ അതിനെ ഗൗരവത്തോടെ കാണുന്നുവെന്നും അൽബനീസ് കത്തിൽ വ്യക്തമാക്കി. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഈ വിഷയത്തിൽ ബ്രിട്ടനിലും കോമൺവെൽത്ത് രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ ചർച്ചകൾ ശക്തമാകാനാണ് സാധ്യത.

കോമൺവെൽത്തിലെ 15 രാജ്യങ്ങൾ ബ്രിട്ടീഷ് രാജാവിനെ തന്നെയാണ് രാജ്യത്തലവനായി അംഗീകരിക്കുന്നത്. ഇവയെ “കോമൺവെൽത്ത് റിയൽമ്സ്” എന്ന് വിളിക്കുന്നു. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽപ്പെടും. ഈ രാജ്യങ്ങളിൽ രാജാവിന്റെ സ്ഥാനവും സിംഹാസനാവകാശ ക്രമവും അവരുടെ ആഭ്യന്തര നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. 2011-ലെ പെർത്ത് ഉടമ്പടി പ്രകാരം, രാജകീയ പദവിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ എല്ലാ കോമൺവെൽത്ത് റിയൽമുകളും ഒരുമിച്ച് തീരുമാനിക്കണം. അതായത്, ഒരാളെ സിംഹാസനാവകാശ നിരയിൽ നിന്ന് നീക്കാൻ യുകെ പാർലമെൻ്റ് മാത്രം മതിയാകില്ല. മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളും അതിന് സമ്മതം അറിയിക്കണം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത് പ്രധാനപ്പെട്ടതാകുന്നത്ചുരുക്കി പറഞ്ഞാൽ, ഇത് വെറും ബ്രിട്ടന്റെ ആഭ്യന്തര വിഷയം മാത്രമല്ല. രാജാവിനെ രാജ്യത്തലവനായി അംഗീകരിക്കുന്ന എല്ലാ കോമൺവെൽത്ത് രാജ്യങ്ങളുടെയും ഭരണഘടനാ ക്രമവുമായി ബന്ധപ്പെട്ട വിഷയമാണിത്.
ഇന്ത്യ കോമൺവെൽത്ത് ഓഫ് നേഷൻസിലെ അംഗരാജ്യമാണ്. എന്നാൽ 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറിയതോടെ ബ്രിട്ടീഷ് രാജാവിനെ രാജ്യത്തലവനായി അംഗീകരിക്കുന്നില്ല . ഇന്ത്യയുടെ രാഷ്ട്രത്തലവൻ ഇന്ത്യയുടെ രാഷ്ട്രപതിയാണ്. അതിനാൽ ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ സിംഹാസനാവകാശ നിരയുമായി ബന്ധപ്പെട്ട നിയമഭേദഗതികളിൽ ഇന്ത്യക്ക് ഭരണഘടനാപരമായ പങ്കില്ല. അതായത് ഇന്ത്യ കോമൺവെൽത്ത് സംഘടനയുടെ അംഗമാണ്, പക്ഷേ രാഷ്ട്രീയ പദവിക്രമവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പങ്കെടുക്കേണ്ട രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.











Leave a Reply