അപ്പച്ചൻ കണ്ണഞ്ചിറ
ബോൺമൗത്ത്: ബോൺമൗത്തിൽ കലാഹൃദയങ്ങൾ സംഗമിച്ച ‘മഴവിൽ സംഗീതം ഫ്‌ളാഷ്’ വർണ്ണാഭവും ആസ്വാദ്യവുമായി. മുപ്പത്തഞ്ചിൽപരം ഗായകരും, ഇരുപത്തഞ്ചിൽ കൂടുതൽ നർത്തകരും, തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തെടുത്തപ്പോൾ ഫ്ളാഷ്’ വേദി വർണ്ണശബളവും, മനസ്സ് നിറയുന്നതുമായി. പ്രശസ്ത ഗായകരായ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സാന്നിധ്യവും, ആലാപനവും മഴവിൽ ഫ്ലാഷിന് കൂടുതൽ മികവേകി.

മഴവിൽ ഫ്ലാഷിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പരിപാടിയുടെ മുഖ്യാതിഥിയും, പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റീന ജോൺ ആദ്യ തിരി തെളിയിച്ച് നിർവഹിച്ചു. തുടർന്ന് മഴവിൽ സംഗീതത്തിന്റെ അമരക്കാരനായ അനീഷ് ജോർജിനൊപ്പം കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചു.

റീന ജോണിനായി റീലുകൾ കോർത്തിണക്കി നിമിഷ സനിൻ ഒരുക്കിയ മനോഹരമായ സ്കിറ്റ് പ്രേക്ഷകരിൽ ആവേശം വിതറി. ഫ്ലവേഴ്സ് ടി.വി. ഫെയിം പ്രസാദ് ശിവൻ തുടർന്നവതരിപ്പിച്ച മിമിക്രി പ്രകടനം മഴവിൽ ഫ്ലാഷിലെ ഹൈലൈറ്റായി. ആകർഷകവും മികവുറ്റതുമായ കലാപരിപാടികൾ കൃത്യതയോടെയും അനർഗ്ഗളമായും വേദിയിൽ ഒഴുകിയെത്തിയത് മഴവിൽ സംഗീതത്തെ ശ്രദ്ധേയവും മികവുറ്റതുമാക്കി.

ജൂൺ 13-ാം തീയതി നടക്കാനിരിക്കുന്ന ‘മഴവിൽസംഗീതം 2026’ എന്ന മഹാമേളയുടെ ഓർമ്മ ഉണർത്തിക്കൊണ്ടാണ് ഫ്‌ളാഷിന്റെ തിരശീല താഴ്ന്നത്. സഹൃദയരും, കലാസ്നേഹികളുമായ നൂറുകണക്കിനാളുകൾ പരിപാടികളിൽ പങ്കുചേർന്നു.












Leave a Reply